സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് മലയാളിയടക്കം നാലുസൈനികർക്ക് വീരമൃത്യു. ചെറുവത്തൂർ കിഴക്കേമുറിയിലെ എം.കെ. അശോകന്റെയും കെ.വി. കൗസല്യയുടെയും മകൻ കെ.വി. അശ്വിൻ (24) ആണ് മരിച്ച മലയാളി. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
നാലുവർഷമായി സൈന്യത്തിലെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഓണത്തിനായിരുന്നു അവസാനമായി നാട്ടില്‍ വന്നത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവരം ലഭ്യമായിട്ടില്ല.
മിഗ്ഗിങ് എന്ന പ്രദേശത്തായിരുന്നു അപകടം. രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
ഒക്ടോബറില്‍ മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശില്‍ നടക്കുന്നത്. ഈ മാസം ആദ്യവാരം തവാങിലുണ്ടായ ചീറ്റാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടമാവുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല