![](https://www.nrimalayalee.com/wp-content/uploads/2021/11/Arunachal-Pradesh-Chinese-Village-India.jpg)
സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിൽ ഇന്ത്യൻ അതിര്‍ത്തിയിൽ നുഴഞ്ഞു കയറി ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി സ്ഥിരീകരിച്ച് യുഎസ്. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ മാധ്യമങ്ങള്‍ അടക്കം പുറത്തു വിട്ട റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശങ്ങളാണ് പെൻ്റഗൺ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയിൽ ഇരു സൈന്യങ്ങളും തമ്മിൽ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ റിപ്പോര്‍ട്ട്.
100 വീടുകള്‍ അടങ്ങുന്ന ഒരു ടൗൺഷിപ്പ് ചൈന അരുണാചൽ പ്രദേശിൽ നിര്‍മിച്ചെന്നാണ് യുഎസ് പ്രതിരോധമന്ത്രാലയം യുഎസ് കോൺഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. ചൈന നിര്‍മിച്ച ടൗൺഷിപ്പ് മക്മോഹൻ ലൈൻ മറിടകടന്ന് പൂര്‍ണമായും ഇന്ത്യൻ അതിര്‍ത്തിയ്ക്കുള്ളിലാണെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ചൈന ഇന്ത്യൻ ഭൂമി കയ്യേറി ഗ്രാമം നിര്‍മിച്ചെന്ന വാര്‍ത്ത ഇക്കൊല്ലം ജനുവരിയിൽ എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അകമ്പടിയോടെയായിരുന്നു റിപ്പോര്‍ട്ട്.
2020ൽ എപ്പഴോ ആണ് ഈ നിര്‍മാണം ചൈനീസ് സൈന്യത്തിൻ്റെ നേതൃത്വത്തിൽ നടന്നതെന്നും ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലാണ് നിര്‍മാണമെന്നും ഇന്ത്യ – ചൈന പ്രശ്നത്തെപ്പറ്റിയുള്ള അധ്യായത്തിൽ പറയുന്നു. അപ്പര്‍ സുബാൻഹിരി ജില്ലയിൽ സാരി ചു നദിയോടു ചേര്‍ന്നാണ് ചൈന പുതിയ ഗ്രാമം നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1962ൽ നടന്ന ഇന്തോ – ചൈന യുദ്ധസമയത്ത് ഈ പ്രദേശത്ത് ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഇന്ത്യൻ മണ്ണിൽ കടന്നു കയറിയുള്ള ചൈനീസ് നിര്‍മാണങ്ങള്‍ ഇന്ത്യൻ സര്‍ക്കാര്‍ തലത്തിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചാവിഷയമാണെന്നും യുഎസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ചൈന ചെറിയ തോതിൽ സൈന്യത്തെ നിലനിര്‍ത്തുന്നുണ്ട്. എന്നാൽ 2020ലാണ് ഈ അവസ്ഥയ്ക്ക് പെട്ടെന്നു മാറ്റം വന്നത്. ഇവിടേയ്ക്ക് റോഡ് നിര്‍മാണം നടത്തിയ ചൈന നൂറോളം വീടുകളും നിര്‍മിക്കുകയായിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിലും സൈനികതലത്തിലും ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇതിനിടയിലും ചൈന പ്രകോപനപരമായ നടപടികള്‍ തുടരുകയാണെന്ന് പെൻ്റഗൺ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.
ടിബറ്റൻ മേഖലയിൽ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിൻ്റെ ഭാഗമാണ് ചൈനയുടെ വൻകിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നാണ് ഇന്ത്യൻ സൈന്യവും വിലയിരുത്തുന്നത്. അരുണാചൽ പ്രദേശ്, സിക്കിം അതിര്‍ത്തികളോടു ചേര്‍ന്ന് ഇത്തരത്തിൽ സൈന്യത്തിനും ഉപയോഗിക്കാവന്ന തരത്തിലുള്ള നിരവധി നിര്‍മാണങ്ങള്‍ ചൈന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല