സ്വന്തം ലേഖകൻ: അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ദുർമന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഇറ്റാനഗർ എസ് പി അറിയിച്ചു. മരിച്ച ആര്യയേയും ദേവിയേയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീൻ എന്നാണ് സൂചന.
മാർച്ച് 28ന് ഇറ്റാനഗറിൽ എത്തിയ മൂവരും കുടുംബം എന്ന പറഞ്ഞാണ് സിറോ താഴ്വരയിലെ ഹോട്ടലിൽ മുറിയെടുത്തത്. നവീൻറെ രേഖകളാണ് നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്നായിരുന്നു ധാരണ. മുറിയെടുത്ത ശേഷം മൂന്ന് ദിവസം പുറത്ത് കറങ്ങി. ഏപ്രിൽ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി പറഞ്ഞു.
മരിച്ച നവീൻ ദേവി ദമ്പതികൾ മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശയങ്ങൾ പിന്തുടർന്നിരുന്നുവെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ അരുണാചിലെ സിറോ താഴ്വരയിലേക്ക് ദമ്പതികൾ ഒന്നര വർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നു.
ഹോട്ടൽ മുറിയിൽ നിന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികയും ബ്ലേഡും പൊലീസ് കണ്ടെത്തി. ആര്യയുടെ കഴുത്തിലും, ദേവിയുടെയും നവീൻറെയും കയ്യിലുമാണ് ബ്ലേഡ് കൊണ്ടുള്ള മുറിവുകൾ. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മരണപ്പെട്ട ആര്യയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
ആയുർവേദ ഡോക്ടർമാരായ നവീനും ദേവിയും ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞാണ് ആ ജോലി ഉപേക്ഷിച്ചത്. പിന്നീട് ദേവി ജെർമൻ ഭാഷ അധ്യാപികയായി തിരുവന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ പ്രവേശിച്ചു. ഇവിടെ വച്ചാണ് ആര്യയെ പരിചയപ്പെടുന്നത്. .ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്.
17ന് കോട്ടയത്തെ വീട്ടിൽ നിന്നും ഇറങ്ങിയും നവീനും ഭാര്യയും 27വരെഎവിടെയായിരുന്നു. മരിക്കാനായി മൂവായിരം മൈലുകൾ അപ്പുറമുള്ള പ്രദേശം തെരഞ്ഞെടുത്തത് എന്തിന്. ഇങ്ങനെ നിരവധി ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം കിട്ടേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല