സ്വന്തം ലേഖകന്‍: അരുണാചല്‍ പ്രദേശില്‍ സിയാങ് നദിയിലെ വെള്ളം കറുപ്പു നിറമായി, പിന്നില്‍ ചൈന നടത്തുന്ന രഹസ്യ തുരങ്ക നിര്‍മാണമെന്ന് സംശയം. വടക്കന്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ ഈ നദിയിലെ ജലം ഉപയോഗശൂന്യമായതിനു പിന്നില്‍ 1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മിച്ച് ബ്രഹ്മപുത്ര നദിയിലെ ജലം വഴിതിരിച്ചു വിടാന്‍ ചൈന നടത്തുന്ന ശ്രമങ്ങളാണെന്ന ആരോപണം ശക്തമാണ്. ചൈനയാണ് നദിയിലെ ജലം മലിനപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി ഇവിടെ നിന്നുള്ള കോണ്‍ഗ്രസ് എംപി നിനോങ് എറിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.
സാധാരണഗതിയില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ നദിയിലെ ജലം തെളിഞ്ഞൊഴുകുകയാണ് പതിവ്. എന്നാല്‍ ഈ സമയത്ത് സിയാങ് നദിയിലെ ജലം ഇത്തരത്തില്‍ മലിനപ്പെടാന്‍ മറ്റു കാരണങ്ങളൊന്നും കാണുന്നില്ലെന്ന് കത്തില്‍ എറിങ് ചൂണ്ടിക്കാട്ടി. ചൈനയുടെ ഭാഗത്ത് വന്‍തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് നദിയിലെ ജലം കലങ്ങിയതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടിബറ്റിലൂടെ 1600 കിലോമീറ്റര്‍ ഒഴുകി അരുണാചലിലെത്തുന്ന നദിയുടെ തുടക്കത്തില്‍ എവിടെയോ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ജലം മലിനമായതെന്നാണ് ആരോപണം. ലോഹിത്, ദിബാങ് നദികളുമായി ചേര്‍ന്നൊഴുകിയാണു സിയാങ് ബ്രഹ്മപുത്രയായി മാറുന്നത്. എന്നാല്‍ ഈ ആരോപണം ചൈന നിഷേധിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് സിയാങ് നദിയിലെ വെള്ളത്തില്‍ സിമന്റ് പോലെ കട്ടിയുള്ളതും കുഴഞ്ഞതുമായ അഴുക്ക് വന്‍ തോതില്‍ കണ്ടുതുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല