സ്വന്തം ലേഖകന്‍: കേരളം മുഴുവന്‍ പടര്‍ന്ന ആവേശത്തിനൊടുവില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ യുഡിഎഫിനൊപ്പം നിന്നു. സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കിയ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന് തകര്‍പ്പന്‍ ജയം.
10,128 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിനെ തോല്‍പ്പിച്ച് ശബരിനാഥന്‍ ജയിച്ചു കരപറ്റിയത്. എട്ടു പഞ്ചായത്തുകളില്‍ ഏഴിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമായ ഭൂരിപക്ഷം നേടി. അരുവിക്കരയില്‍ 34,145 വോട്ടു നേടി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വച്ച ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലും ശ്രദ്ധേയനായി.
ശബരീനാഥന്‍, 56,448 വോട്ട്, വിജയകുമാര്‍, 46,320 വോട്ട്, രാജഗോപാല്‍, 34,145 വോട്ട് എന്നിങ്ങനെയാണ് അവസാന വോട്ട് നില. എട്ടു പഞ്ചായത്തുകളില്‍ ഒരിടത്തുമാത്രമാണ് എല്‍ഡിഎഫിന് ലീഡ് ചെയ്യാന്‍ സാധിച്ചത്. അരുവിക്കരയില്‍ 133 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് എം. വിജയകുമാറിന് ലഭിച്ചത്.
1430 വോട്ടുകളുമായി നോട്ടയാണ് നാലാം സ്ഥാനത്ത്. പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥി കെ. ദാസിന് 1187 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പിഡിപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച പൂന്തുറ സിറാജ് 803 നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല