തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ ലക്ഷണങ്ങല്‍ പ്രത്യക്ഷമാക്കി ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലാണ് അരുവിക്കരയില്‍ ബിജെപിക്കായി മത്സരിക്കുന്നത്. സി. ശിവന്‍കുട്ടിയെ മത്സരിപ്പിക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം അപ്പാടെ തള്ളിക്കളഞ്ഞാണ് കോര്‍ കമ്മറ്റി യോഗം ഒ. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
പി.കെ കൃഷ്ണദാസാണ് രാജഗോപാലിന്റെ പേര് നിര്‍ദേശിച്ചത്. രാജ്യം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ശക്തി തെളിയിക്കാന്‍ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമുയര്‍ന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ രാജഗോപാല്‍ തയ്യാറാണെന്ന് അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്ത് എത്താനായതാണ് ബിജെപിയുടെ കണ്ണ് രാജഗോപാലിലേക്ക് തിരിയാന്‍ കാരണം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ 14,890 വോട്ടുകളാണ് ബിജെപി നേടിയത്. തൊട്ടുമുകളിലുള്ള കോണ്‍ഗ്രസിനെക്കാള്‍ 30,000ത്തില്‍ അധികം വോട്ടിന്റെ കുറവുണ്ടെങ്കിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിച്ചതിന്റെ ഇരട്ടി വോട്ട് ലഭിച്ചു. 2011ല്‍ 7,694 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി ശിവന്‍കുട്ടി നേടിയത്.
ഇടതു വലത് സ്ഥാനാര്‍ത്ഥികള്‍ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥനാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറാണ്. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ബൂത്ത് കണ്‍വെന്‍ഷനുകള്‍ ഉള്‍പ്പെടെ ഇടതുമുന്നണി ആരംഭിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല