സ്വന്തം ലേഖകൻ: ആം ആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ അമേരിക്കയുടെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. നയതന്ത്രത്തിൽ അമേരിക്ക മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎസ് വക്താവിൻ്റെ പരാമർശത്തിനെതിരെ ഇന്ത്യ ബുധനാഴ്ച ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
“ഇന്ത്യയിലെ ചില നിയമ നടപടികളെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവിൻ്റെ പരാമർശങ്ങളോട് ഞങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നു. നയതന്ത്രത്തിൽ രാഷ്ട്രങ്ങൾ മറ്റുള്ളവരുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റു ജനാധിപത്യ രാജ്യങ്ങളുടെ കാര്യത്തിൽ ഈ ഉത്തരവാദിത്തം ഇതിലും കൂടുതലാണ്,”
“അല്ലാത്തപക്ഷം അത് അനാരോഗ്യകരമായ മുൻവിധികൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇന്ത്യയുടെ നിയമനടപടികൾ വസ്തുനിഷ്ഠവും സമയബന്ധിതവുമായ ഫലങ്ങളിൽ പ്രതിജ്ഞാബദ്ധമായ ഒരു സ്വതന്ത്ര ജുഡീഷ്യറിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിൽ അഭിലാഷങ്ങൾ പ്രകടിപ്പിക്കുന്നത് അനാവശ്യമാണ്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതായും നീതിയുക്തമായ നിയമനടപടികളാണ് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ നയതന്ത്ര പ്രതിനിധി ഇന്നലെ പ്രതികരിച്ചിരുന്നു. കേജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഇന്ത്യയിലെ വിവിധയിടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ജർമ്മനി നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് പ്രതികരിച്ചത്.
വെള്ളിയാഴ്ച സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജർമ്മനിയുടെ വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി ഡെപ്യൂട്ടി എൻവോയ് ജോർജ് എൻസ് വെയ്ലറും രംഗത്തെത്തിയിരുന്നു. “ജനാധിപത്യത്തിന്റെ സാമാന്യ മര്യാദകളും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നീതിന്യായ വ്യവസ്ഥയുടെ നിലപാടുകളും ഈ കേസിൽ പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണ്,” എന്ന് ജർമ്മൻ പ്രതിനിധി പറഞ്ഞു.
ഇതിനെതിരെ ജർമ്മനിയുടെ നയതന്ത്ര വക്താവിനെ വിളിച്ചുവരുത്തി ബിജെപി സർക്കാർ പ്രതിഷേധമറിയിച്ചിരുന്നു. കേജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പരാമർശങ്ങൾ ഇന്ത്യയുടെ ജുഡീഷ്യൽ പ്രക്രിയയിലെ ഇടപെടലാണെന്നും ഏതെങ്കിലും പക്ഷപാതപരമായ അനുമാനങ്ങൾ അനാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല