സ്വന്തം ലേഖകൻ: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി. കുറ്റകൃത്യത്തിൽ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്നാണ് ഇഡി രേഖകൾ വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി. കെജ്‌രിവാളിന്റെ അറസ്റ്റും റിമാൻഡും നിയമപരമാണെന്നും ഇഡി വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി പറഞ്ഞു. മദ്യ നയ രൂപീകരണത്തിലും ഹവാല പണം ഒളിപ്പിക്കുന്നതിലും കെജ്‌രിവാളിന് കൃത്യമായ പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജിയായിരുന്നില്ല പരിഗണിച്ചതെന്നും അറസ്റ്റ് നിയമ വിരുദ്ധമാണോ എന്നാണ് പരിശോധിച്ചതെന്നും കോടതി വ്യക്തമാക്കി.
ഗൂഢാലോചന പങ്കാളിത്തത്തിനുള്ള തെളിവ് ഇഡി ശേഖരിച്ചിട്ടുണ്ട്. ശരത് ചന്ദ്ര റെഡ്ഡി, രാഘവ് എന്നിവരുടെ മൊഴികൾ വിശ്വസ്യമോ എന്ന് തെളിയിക്കേണ്ടത് വിചാരണ വേളയിലാണ്. ബോണ്ട് കൈമാറിയതും ലോക്സഭാ സ്ഥാനാർഥിത്വവുമൊന്നും ഈ കോടതിയുടെ പരിഗണനാ വിഷയമല്ലെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രി ആയാൽ പോലും ആർക്കും പ്രത്യേക പരിഗണന നൽകാനാവില്ല. അറസ്റ്റും റിമാൻഡും നിയമം അനുസരിച്ചാണ് കാണേണ്ടത്. തെരഞ്ഞെടുപ്പ് സമയത്താണ് അറസ്റ്റ് എന്ന് വിലയിരുത്തേണ്ടതില്ല. മാപ്പ് സാക്ഷികളുടെ മൊഴികൾ വിശ്വാസ്യമല്ലെന്ന് പറയാനാവില്ല. ഇത് കോടതി നടപടികളെ അവിശ്വസിക്കുന്നതിന് തുല്യമാണെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു.
അറസ്റ്റിന്റെ സമയം തീരുമാനിച്ചത് ഇഡി ആണെന്ന് പറയാനാകില്ല. മാപ്പുസാക്ഷി നിയമത്തിന് 100 വർഷം പഴക്കമുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ കുടുക്കാൻ വേണ്ടി സൃഷ്ടിച്ചതല്ല. അപ്രധാനമാണെങ്കിൽ രാഷ്ട്രീയ മാനങ്ങൾ കേസിന് നൽകേണ്ടതില്ല. കേസ് കേന്ദ്ര സർക്കാറും കെജ്‍രിവാളും തമ്മിലുള്ളതല്ല. ഇഡിയും കെജ്‍രിവാളും തമ്മിലുള്ള കേസാണ് ഇതെന്നും രാഷ്ട്രീയ താൽപര്യങ്ങൾ കോടതിക്ക് മുന്നിൽ വയ്ക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതി അറിയിച്ചു.
ഇഡിയുടെ നടപടികൾ എല്ലാം നിയമാനുസൃതമെന്ന് നിരീക്ഷിച്ച കോടതി, രാഷ്ട്രീയ ആഭിമുഖ്യം അനുസരിച്ചില്ല വിധിയെന്ന് വ്യക്തമാക്കി. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗോവ തെരഞ്ഞെടുപ്പിൽ പണം നൽകിയെന്ന് ഇഡിക്ക് തെളിയിക്കാനായി. രാഷ്ട്രീയ ധാർമ്മികതയല്ല, ഭരണഘടനാ ധാർമ്മികതയാണ് കോടതി പരിഗണിക്കുന്നത്. ആര് തിരഞ്ഞെടുപ്പിൽ മത്സരിച്ചു, ആര് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി എന്നതല്ല കോടതിയുടെ വിഷയമെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റ് നിയമപരമായി നിലനിൽക്കുമെന്ന് വിധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല