![](https://www.nrimalayalee.com/wp-content/uploads/2021/10/Aryan-Khan-Bail-Fans-Celebrate.jpg)
സ്വന്തം ലേഖകൻ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന് പിന്തുണയര്‍പ്പിച്ച് ആരാധകര്‍. ആര്‍തര്‍ ജയില്‍ മുതല്‍ ആര്യന്റെ ബംഗ്ലാവ് വരെയുള്ള വഴികളില്‍ ആര്യന് സ്വാഗതം ആശംസിക്കുന്ന ബോര്‍ഡുകളുമായി ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
“കരുത്തനായിരിക്കു ആര്യന്‍, എല്ലാ പ്രശ്‌നങ്ങളും ഉടന്‍ അവസാനിക്കും“ എന്നായിരുന്നു ഒരു ആരാധകന്‍ ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ആര്യന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജയില്‍ മോചിതനായതില്‍ ആഹ്ലാദമുണ്ടെന്നും ആരാധകർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആര്യന്റെ മോചനത്തിനായി പ്രാര്‍ഥിക്കുകയായിരുന്നു ഞങ്ങളെന്നും ഇപ്പോള്‍ ഏറെ ആഹ്ലാദം തോന്നുന്നതായും ആരാധകര്‍ പറഞ്ഞു. ആര്യനെ പാര്‍പ്പിച്ച ജയിലിന് മുന്നില്‍ കഴിഞ്ഞ ഏഴ് ദിവസമായി വരാറുണ്ടായിരുന്നെന്ന് ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജയില്‍ മോചിതനായ ശേഷം ആര്യന്‍ അച്ഛന്‍ ഷാരൂഖിനൊപ്പം നേരെ പോയത് 12 കിലോമീറ്റര്‍ അകലെയുള്ള മന്നത്ത് ബംഗ്ലാവിലേക്കായിരുന്നു. ആര്യന്റെ തിരിച്ചുവരവ് ആഘോഷിക്കാനായി ബംഗ്ലാവില്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വര്‍ണ്ണ ബലൂണുകളാലും എല്‍.ഇ.ഡി ലൈറ്റുകളാലും അലങ്കരിച്ച ബംഗ്ലാവിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഏകദേശം 45 മിനിറ്റിലേറെ സമയമെടുത്താണ് ആര്യന്‍ ഖാന്റെ വാഹനവ്യൂഹം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ എത്തിയത്. താരപുത്രന്‍ തിരിച്ചെത്തുന്നത് ആഘോഷമാക്കാന്‍ ആരാധകരും ഇവിടെ തടിച്ചുകൂടിയിരുന്നു. ജയിലിന് പുറത്തും വന്‍ ജനക്കൂട്ടം ആര്യനെ കാണാനെത്തി.
അഞ്ച് വാഹനങ്ങളാണ് ആര്യന്റെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഷാരൂഖ് ഖാന്റെ ബോഡിഗാര്‍ഡുകളും ഈ വാഹനങ്ങളിലുണ്ടായിരുന്നു. ആര്‍തര്‍ റോഡ് ജയിലില്‍നിന്ന് 35 മിനിറ്റാണ് മന്നത്തിലേക്കുള്ള യാത്രാസമയം. എന്നാല്‍ ട്രാഫിക് കാരണം ആര്യന്റെ വാഹനവ്യൂഹം ഇവിടെയെത്താന്‍ 45 മിനിറ്റിലേറെ സമയമെടുത്തു.
അതേസമയം, വീട്ടിലെത്തിയെങ്കിലും കുറച്ചുദിവസത്തേക്ക് ആര്യന്‍ പുറത്തിറങ്ങില്ലെന്ന് കുടുംബവുമായി അടുത്തബന്ധമുള്ള വ്യക്തി ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തി. പാപ്പരാസികളുടെ സാന്നിധ്യവും മറ്റുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ആര്യന്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാന്‍ തന്റെ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനവും മാറ്റിയിരുന്നു. നേരത്തെ ബി.എം.ഡബ്യൂ കാറില്‍ സഞ്ചരിച്ചിരുന്ന ഷാരൂഖ് കഴിഞ്ഞ ദിവസങ്ങളില്‍ ഹ്യൂണ്ടായി ക്രെറ്റയാണ് ഉപയോഗിച്ചത്.
വ്യാഴാഴ്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് ജാമ്യ ഉത്തരവ് മുംബൈ ജയില്‍ അധികൃതര്‍ കൈപ്പറ്റിയത്. ഷാറൂഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്.
ബോംബെ ഹൈക്കോടതിയാണ് കര്‍ശനമായ നിബന്ധനകളോടെ ആര്യന് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ അറസ്റ്റിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല