സ്വന്തം ലേഖകൻ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാൻ കണ്ണട സൂക്ഷിച്ചിരുന്ന കെയ്സിൽനിന്നു ലഹരി വസ്തുക്കൾ കണ്ടെടുത്തതായി എൻസിബി ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. ആര്യനൊപ്പം അറസ്റ്റിലായ മറ്റുള്ളവരുടെ സാനിറ്ററി പാഡുകൾക്കിടയിൽനിന്നും മരുന്നു സൂക്ഷിക്കുന്ന ബോക്സുകളിൽനിന്നും ലഹരി ഉൽപന്നങ്ങൾ കണ്ടെടുത്തതായും എൻസിബി വൃത്തങ്ങൾ പറഞ്ഞു.
ആര്യന്റെ അറസ്റ്റിനു പിന്നാലെ ബാന്ദ്ര, അന്ധേരി, ലോഖണ്ട്വാല എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ ലഹരി ഉൽപന്നങ്ങളുടെ ഡീലറെയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. അതിനിടെ, ഞായറാഴ്ച രാത്രിയോടെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് മുംബൈയിലെ ഷാറൂഖ് ഖാന്റെ വീട്ടിലെത്തി.
ഷാറൂഖിന്റെ മകൻ ആര്യനെ ലഹരി ഉൽപന്ന വിരുദ്ധ ഏജന്‍സി അറസ്റ്റു ചെയ്തു മണിക്കൂറുകൾക്കകമാണു സൽമാന്റെ സന്ദർശനം. 23 കാരനായ ആര്യൻ അടക്കം 8 പേരെയാണ് ഞായറാഴ്ച ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. നിരോധിത ലഹരി ഉൽപന്നങ്ങൾ വാങ്ങൽ, കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ കപ്പൽ യാത്രയ്ക്കുള്ള ടിക്കറ്റോ ക്യാബിനോ സീറ്റോ ആര്യന് ഉണ്ടായിരുന്നില്ലെന്നും വാട്സാപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ആര്യന്റെ അഭിഭാഷകൻ പറഞ്ഞു. ബോർഡിങ് പാസ് പോലും ഇല്ലാത്ത ആര്യൻ ക്ഷണം സ്വീകരിച്ചാണു ക്രൂസ് കപ്പലിൽ എത്തിയതെന്നും ആര്യനെതിരെ തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്യൻ ഇന്നു കോടതിയിൽ ജാമ്യാപേക്ഷ നൽകും.
ആര്യന് ഖാന് പിടിയിലായെന്ന വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ ഒപ്പമുള്ളവര്‍ ആരാണെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പിടിയിലായ അര്‍ബാസ് മര്‍ച്ചന്റ് ആര്യന്റെ ഉറ്റസുഹൃത്താണെന്നാണ് വിവരം. ഷാരൂഖ് ഖാന്റെ മക്കളായ ആര്യനുമായും സുഹാന ഖാനുമായും അര്‍ബാസിന് അടുത്ത ബന്ധമാണുള്ളത്. ഏകദേശം 30000-ലേറെ പേരാണ് ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ആര്യനും അര്‍ബാസും കഴിഞ്ഞദിവസം അറസ്റ്റിലായതോടെ ഇരുവരുടെയും നിരവധി ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നത്.
ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയാണ് മുണ്‍മുണ്‍ ധമേച്ച. മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയാണ് മുണ്‍മുണ്‍. സാഗറിലെ വ്യാപാരിയായിരുന്ന അമിത് കുമാര്‍ ധമേച്ചയാണ് മുണ്‍മുണിന്റെ പിതാവ്. ഇദ്ദേഹം നേരത്തെ മരിച്ചു. കഴിഞ്ഞവര്‍ഷം മുണ്‍മുണിന്റെ മാതാവും അന്തരിച്ചു.
ഡല്‍ഹിയില്‍ ജോലിചെയ്യുന്ന പ്രിന്‍സ് ധമേച്ച സഹോദരനാണ്. സാഗര്‍ സ്വദേശിയാണെങ്കിലും മുണ്മുണിനെക്കുറിച്ചോ സഹോദരനെക്കുറിച്ചോ നാട്ടുകാര്‍ക്ക് അധികമായി ഒന്നുമറിയില്ല. സാഗറിലെ സ്കൂള്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം മുണ്‍മുണും കുടുംബവും ഭോപ്പാലിലായിരുന്നു താമസം. ആറുവര്‍ഷം മുമ്പ് സഹോദരനൊപ്പം ഡല്‍ഹിയിലേക്കും താമസംമാറി.
നടിയും ഫാഷന്‍ മോഡലുമാണെന്നാണ് 39-കാരിയായ മുണ്‍മുണ്‍ തന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ അവകാശപ്പെടുന്നത്. ഫാഷന്‍ ഷോകളില്‍ പങ്കെടുത്തത് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഏകദേശം 9400-ഓളം പേരാണ് ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. സാഗറിലെ ദീപക് മെമ്മോറിയല്‍ അക്കാദമിയിലാണ് പഠിച്ചതെന്നും ഇവര്‍ ഫെയ്സ്ബുക്കില്‍ പറയുന്നു.
ആര്യന് ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.സി.ബി.ക്ക് ലഭിച്ചു. ആര്യന്റെയും അര്‍ബാസിന്റെയും വാട്ആപ്പ് ചാറ്റുകളില്‍നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന് ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്കിയതെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്.
ആര്യനും അര്‍ബാസിനും മലയാളിയായ ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ലഹരിപാര്‍ട്ടി നടന്ന ആഡംബര കപ്പലില്‍ ശ്രേയസ് നായരും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ മറ്റുചില കാരണങ്ങളാല്‍ ഇയാള്‍ യാത്ര ഒഴിവാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല