ലണ്ടന്‍: ചെറിയൊരു പനിയിലാണ് തുടക്കം . എന്നാല്‍ പൊടുന്നനെ വൈറസ് ആക്രമണത്തെ തുടര്‍ന്ന് ശാസ്വകോശത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം അവതാളത്തിലായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന സിനോദ് എന്ന കണ്ണനെ മരണത്തിനു വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് യുകെ മലയാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നു . സിനോദിന്റെ പത്‌നി രാധികയുടെ സഹായ അഭ്യര്‍ത്ഥന എത്തിയതിനെ തുടര്‍ന്ന് സിനോദിനെ ഇന്നേ വരെ കണ്ടിട്ടില്ലാത്തവരും അറിയാത്തവരുമായ മലയാളികള്‍ ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 2000 പൗണ്ട് ശേഖരിച്ച മഹത്തായ കാരുണ്യം തടസ്സമില്ലാതെ മുന്നേറുകയാണ് . യുകെയില്‍ എത്തി നല്ലൊരു ജീവിതം സ്വപ്നം കണ്ട സിനോദിനും രാധികയ്ക്കും വിസ നിയന്ത്രണ നടപടികള്‍ കടുത്തതോടെയാണ് നാട്ടിലേക്കു മടങ്ങേണ്ടി വന്നത് . എന്നാല്‍ നേഴ്‌സിംഗില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് എത്തിയ രാധികക്ക് ആകട്ടെ പോസ്റ്റ് സ്റ്റഡി വിസ പുതുക്കി നല്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ വെറും കൈയോടെ നാട്ടിലേക്കു മടങ്ങുക ആയിരുന്നു ഈ യുവ ദമ്പതികള്‍ . എന്നാല്‍ അതിനിടയില്‍ യുകെയില്‍ എത്താന്‍ ഉള്ള പണത്തിനായി കിടപ്പാടം ബാങ്കില്‍ പണയപ്പെടുത്തിയത് ജപ്തിയിലേക്കു നീങ്ങുന്ന സാഹചര്യവും ഇവരെ തേടിയെത്തി .
എന്നാല്‍ ഏതു വിധത്തിലും കടബാധ്യത തീര്‍ക്കാം എന്ന നിശ്ചയ ദാര്‍ഢ്യവുമായി നാട്ടില്‍ വിശ്രമമില്ലാതെ ജോലി ചെയ്യവെയാണ് സിനോദിനെ തേടി പനിയുടെ രൂപത്തില്‍ ദുരന്തം എത്തുന്നത് . ഇതിനിടയില്‍ , ഏതാനും മാസം മാത്രം പ്രായമായ കൈക്കുഞ്ഞുമായി നിസ്സഹായതയോടെ പ്രിയതമനു വേണ്ടി ഉള്ളുരുകി അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് രാധികക്ക് കഴിയുമായിരുന്നുള്ളൂ . എന്നാല്‍ അവളുടെ പ്രാര്‍ത്ഥന ദൈവങ്ങള്‍ കേട്ടു എന്ന് തെളിയിക്കും വിധമാണ് കഴിഞ്ഞ രണ്ടു ദിവസമായി യുകെ മലയാളികളുടെ പ്രതികരണം . കാര്യമായി ആരും അറിയാതെ നടന്ന ഒരു ജീവകാരുണ്യ അപ്പീലിലേക്കു ഒറ്റ ദിവസം കൊണ്ട് എത്തിയിരിക്കുന്നത് 2000 പൗണ്ടാണ് . പ്രധാനമായും യുകെ യിലെ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയാണ് പ്രചാരണം നടക്കുന്നത് . യുകെ മലയാളികള്‍ ഉപവാസ നാളുകളിലൂടെ കടന്നു പോകുന്നതിനാല്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതിനേക്കാള്‍ വലിയ വൃതാനുഷ്ട്ടാനം ഇല്ലെന്ന സത്യം കൂടിയാണ് സിനോദിനു വേണ്ടി പണം നല്കാന്‍ തയാറായതിലൂടെ തെളിയുന്നത്.
ലണ്ടനിലെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ ജെയ്‌സണ്‍ ജോര്‍ജ് ആരംഭിച്ച ജസ്‌റ് ഗിവിങ് ക്രോസ്ഡ് ഫണ്ടിങ് പേജിലൂടെയാണ് മുഴുവന്‍ പണവും സമാഹരിക്കുന്നത് . എന്നാല്‍ ജീവകാരുണ്യത്തില്‍ ഒരു പടി മുന്നിലാണ് എന്ന് എപ്പോഴും മേന്മ പറയുന്ന ചാരിറ്റിക്കാര്‍ സിനോദിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് വിമര്‍ശന വിധേയമാകുകയാണ് . തികച്ചും സ്വകാര്യ സംരംഭം ആയ ചാരിറ്റിക്കാരുടെ അടുത്ത് അപേക്ഷയുമായി രാധിക എത്തിയെങ്കിലും ഇതുവരെ മറുപടി നല്കാന്‍ പോലും ഉള്ള മാന്യത കാണിക്കാതെ വന്നതോടെയാണ് സിനോദിനു വേണ്ടി ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത് . എന്നാല്‍ പ്രമുഖ മലയാളി സംഘടനകള്‍ എല്ലാം ഇപ്പോള്‍ സിനോദിനു വേണ്ടി വരും ദിവസങ്ങളില്‍ രംഗത്ത് എത്താന്‍ ഉള്ള സാധ്യത തെളിയുകയാണ് . ലണ്ടനിലെ പ്രമുഖ സംഘടനായ എം എ യു കെ ഇതിനകം തങ്ങളുടെ തങ്ങളുടെ അംഗങ്ങളോട് സിനോട് ഫണ്ട് വിജയിപ്പിക്കാന്‍ സഹായിക്കണം എന്നഭ്യര്‍ത്ഥിച്ചിട്ടുണ്ട് . യുക്മ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക സംഘടനകളുടെ പ്രതികരണവും ഈ ദിവസങ്ങളില്‍ ഉണ്ടാകും എന്ന പ്രതീക്ഷയാണ് സിനോദിന്റെ സുഹൃത്തുക്കള്‍ പങ്കിടുന്നത്.
കഴിഞ്ഞ വര്ഷം ഹേവാര്‍ഡ് ഹീത്തില്‍ സമാനമായ തരത്തില്‍ ജോമി എന്ന യുവാവിന് വേണ്ടി ധനസമാഹരണം നടന്നിരുന്നു . അന്ന് യുകെ എമ്പാടും നിന്നായി ഏകദേശം 70000 പൗണ്ടിന് മുകളില്‍ ഉള്ള തുക സമാഹരിക്കപ്പെട്ടിരുന്നു . ജോമിയെയും ഭാര്യയെയും ഉടന്‍ നാട്ടില്‍ എത്തിച്ചെങ്കിലും തുടര്‍ ചികിത്സ ഫലപ്രദം അല്ലെന്നു വക്തമായതോടെ ഇപ്പോള്‍ വീട്ടില്‍ തന്നെ ശുസ്രൂഷിക്കുകയാണ് . സിനോദിന്റെ കാര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യാം എന്ന ഉറപ്പാണ് ആസ്റ്റര്‍ മെഡിസിറ്റി ഡോക്ടര്‍മാര്‍ പറയുന്നത് . ലോകത്തെ ഏറ്റവും ഫലപ്രദമായ ചികിത്സയായ എക്‌മോ ചികിത്സ രീതിയാണ് സിനോദിനായി ആശുപത്രി അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത് . കടുത്ത പണ ഞെരുക്കം ഉണ്ടെങ്കിലും നാട്ടിലെ സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി ശേഖരിച്ച പണമാണ് ഇപ്പോള്‍ ചെലവിടുന്നത് . വീട് ഇതിനകം പണയത്തില്‍ ആയതിനാല്‍ അത്തരം മാര്ഗങ്ങളിലൂടെ ആവഹ്‌സ്യമായ പണം സമാഹരിക്കാന്‍ കഴിയില്ലെന്ന് വന്നതോടെയാണ് ഒരു പരിചയവും ഇല്ലാത്ത യുകെ മലയാളികളുടെ മുന്നില്‍ കൈ നീട്ടാന്‍ രാധികയെ പ്രേരിപ്പിച്ചത് .
സിനോദിന്റെ ശരീരത്തില്‍ രക്ത ചംക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജീവന്‍ രക്ഷ ഉപാധികളുടെ സഹായത്തോടെ നടത്തുന്നതിനാലും ഏറെ നാള്‍ ആശുപത്രി വാസം വേണ്ടി വരും എന്നതിനാലും ഈ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത തുക ചികിത്സയ്ക്ക് ആവശ്യമായി വരും എന്നതാണ് ജീവിതം കണ്ടറിയും മുന്നേ രോഗ കിടക്കിയിലായ ഈ ചെറുപ്പക്കാരനെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാന്‍ യുകെ മലയാളികള്‍ കൂട്ടമായി ആഗ്രഹിക്കുന്നത് . വെറും 27 വയസ്സുള്ള , സ്വന്തം അനുജനെ പോലെ കരുതാന്‍ പ്രായമുള്ള ഒരു യുവാവിന്റെ മുഖത്ത് നോക്കി ഇല്ലായെന്ന് പറയാന്‍ നിഷ്ടൂരര്‍ അല്ല യുകെ മലയാളികള്‍ എന്നത് കൂടിയാണ് സിനോദിന്റെ ജീവന് വേണ്ടിയുള്ള ധന സമാഹരണത്തിനു മുന്നിട്ടിറങ്ങാന്‍ ഒരു സംഘം യുവാക്കളെ പ്രേരിപ്പിച്ചിരിക്കുന്നതു . യുകെ യില്‍ ഈസ്റ്റ് ഹാമില്‍ ജീവിച്ചിരുന്ന ഈ യുവാവിന് വേണ്ടി ധനസഹായം സ്വരൂപിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കൂട്ടായ്മകള്‍ സജീവമാകും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉള്ളത് . യുകെ മലയാളികളുടെ ഈ കാരുണ്യത്തിനും നല്ല മനസിനും മുന്നില്‍ കണ്ണുകളില്‍ നിന്നും ധാരധാര ആയി ഒഴുകുന്ന ചുടു കണ്ണീര്‍ മാത്രമാണ് രാധികക്ക് തിരികെ തരാന്‍ ഉള്ളത് . ഈസ്റ്റര്‍ വിഷു അവധിക്കു നാട്ടില്‍ അനേകം യുകെ മലയാളികള്‍ എത്തുമ്പോള്‍ , അല്പം സമയം കടമെടുത്തു രാധികയെ സന്ദര്‍ശിക്കാന്‍ തയാറാകണം എന്നതും സിനോദിന്റെ യുകെ യിലെ സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു .
രാധികയെ നേരിട്ട് സഹായിക്കാന്‍ അക്കൗണ്ട് നമ്പര്‍ ചുവടെ
രാധിക മോഹന്‍ / hdfc bank , ac no 50100166 595046, isfc code hdfc 0001519, veliyandu branch, peppathy po , piravom
രാധികയുടെയും സിനോദിന്റെയും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ദയവായി ബന്ധപ്പെടുക,
newswing@mail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല