ജയകുമാര്‍ നായര്‍ (ദേശീയ കായികമേള കോഓര്‍ഡിനേറ്റര്‍) : യുക്മ ദേശീയ കായികമേള 2017 ജൂണ്‍ 24 ന് ബര്‍മിംഗ്ഹാമില്‍ നടക്കും. എണ്ണൂറു മീറ്റര്‍ ഓട്ടമത്സരവും അന്‍പതു വയസിനു മുകളിലുള്ളവരുടെ ഗ്രൂപ്പും ഇത്തവണത്തെ മേളയുടെ പ്രത്യേകതകളാണ്. കായിക മേളയ്ക്ക് വേദിയാകുന്നത് ഇത്തവണയും സട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ തന്നെ.
മേള യുടെ നടത്തിപ്പ് ചുമതല യുക്മ നാഷണല്‍ കമ്മറ്റിയുടേതാണ്. റീജണല്‍ കായികമേളകളില്‍ സിംഗിള്‍ ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. രാവിലെ പത്തു മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വയസു തെളിയിക്കുന്ന രേഖകള്‍ ഒപ്പം കരുതേണ്ടതാണ്. റീജണല്‍ തലത്തിലോ, അസോസിയേഷന്‍ തലത്തിലോ, വക്തിഗതമായോ രജിസ്‌ട്രേഷന്‍ ഫീസ് നള്‍കാവുന്നതാണ്. വടംവലി ഒഴികെ എല്ലാ ഇനങ്ങള്‍ക്കും മൂന്ന് പൗണ്ട് ആയിരിക്കും വ്യക്തിഗത രജിസ്‌ട്രേഷന്‍ ഫീസ്. വടംവലി മത്സരത്തിന് ഒരു ടീമിന് ഇരുപത്തഞ്ചു പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്ആയി നല്‍കേണ്ടത്.
പതിനൊന്നു മണിക്ക് മാര്‍ച്ചു പാസ്റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും. മത്സരാര്‍ഥികളെ വയസ് അടിസ്ഥാനമാക്കി ആറുവിഭാഗങ്ങള്‍ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്രശംസാപത്രവും നല്‍കാവുന്നതാണ്. വടംവലി വിജയികള്‍ക്ക് സമ്മാന തുകയും ഉണ്ടായിരിക്കുന്നതാണ്. സമ്മാന തുക പിന്നീട് അറിയിക്കും. ഓരോ വിഭാഗത്തിലും കൂടുതല്‍ വിജയങ്ങള്‍ നേടുന്നവര്‍ക്ക് ചാമ്പ്യന്‍ഷിപ്പും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന അസോസിയേഷനും റീജയണും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.
മത്സര ഫലങ്ങളെ സംബന്ധിച്ച് റഫറിമാരുടെ തീരുമാനം അന്തിമമായിരിക്കും. എന്നാല്‍ പരാതികള്‍ പരിഹരിക്കാന്‍ ഒരു അപ്പീല്‍ കമ്മിറ്റി ഉണ്ടായിരിക്കും. അസോസിയേഷന്‍/ റീജിയണല്‍ തലത്തില്‍ ഉള്ള അപ്പീല്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ മത്സരാര്‍ത്ഥികളും അനുയോജ്യമായ ഷൂസ് ധരിക്കേണ്ടതാണ്. വടംവലി മത്സരത്തിന് ഏഴു അംഗങ്ങള്‍ക്ക് പങ്കെടുക്കാം. ടീമിന്റെ പരമാവധി ഭാരം 620 കിലോ ആയി നിജപ്പെടുത്തിയിരിക്കുന്നു. ഒപ്പം രണ്ടു പകരക്കാരുടെയും പേര് നല്‍കാം.
അപകട സുരക്ഷ മത്സരാര്‍ത്ഥികളുടെ ചുമതലയാണ്. പതിനാറു വയസില്‍ താഴെയുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്. ഓരോ റീജിയണും അവരവരുടെ ബാനര്‍ പ്രഥമശുശ്രൂഷാ കിറ്റ് തുടങ്ങിയയവ ഒപ്പം കരുതണം. മത്സരങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന ഇമെയില്‍ സന്ദേശങ്ങള്‍ എല്ലാ റീജണല്‍ കമ്മിറ്റികള്‍ക്കും എത്തിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ കായികമേള കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ് (ജയകുമാര്‍ നായര്‍ 07403223066).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല