വര്‍ഗ്ഗീസ് ദാനിയേല്‍: ‘ജ്വാല’ മാഗസിന്‍ ഏപ്രില്‍ ലക്കം പുതുമകളോടെ പുറത്തിറങ്ങി. എല്ലാവര്‍ക്കും വിഷുവിന്റെയും ഈസ്റ്ററിന്റെയും ആശംസകള്‍ നേര്‍ന്നുകൊണ്ട് കേരളത്തിന്റെ നയാഗ്രാ എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനം കവരുന്ന ഭംഗി കവര്‍ ചിത്രമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷത്തെ കാണാതെ പോകുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്റെ കപടമുഖങ്ങളെ ‘ആതിരപ്പിള്ളിയുടെ ആകുലതകള്‍’ എന്ന കവര്‍ സ്റ്റോറിയിലൂടെ ശ്രീ ടി ടി പ്രസാദ് പിച്ചിച്ചീന്തുന്നു.
വായനക്കാരില്‍ നല്ല കൃതികള്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ജ്വാല ചെയ്യുന്ന ചെറിയ ശ്രമങ്ങളെ എടുത്തുക്കാട്ടികൊണ്ട് ശ്രീ റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയലില്‍, പുതു തലമുറയെ വായനയിലേക്കും കലയിലേക്കും തിരികെകൊണ്ടുവരുവാന്‍ ആഹ്വാനം ചെയ്യുന്നു.
ബഹുമുഖ പ്രതിഭയായ ഹാസ്യ സാഹിത്യകാരന്‍, ചെറുകഥാകൃത്ത്, ഉപന്യാസ കര്‍ത്താവു, നാടക രചയിതാവ് മുതലായ നിലയില്‍ അറിയപ്പെട്ടിരുന്ന, തന്റെ കഥാപാത്രങ്ങള്‍ക്ക് അവരുടെ തൊഴിലിനോട് ചേര്‍ന്ന ഭാഷ സൃഷ്ടിച്ച കേരളത്തിന്റെ നല്ല എഴിത്തുകാരില്‍ ഓരാളായ ഇ വി കൃഷ്ണപിള്ളയെ അനുസ്മരിച്ചുകൊണ്ടു നൈന മണ്ണഞ്ചേരി യുടെ ‘അനശ്വരനായ ഇ വി’ വായനക്കാര്‍ക്ക് ഓര്‍മ്മയുടെ ചെപ്പില്‍ എന്നും സൂക്ഷിക്കുവാന്‍ പാകത്തില്‍ ഇ വി യെപറ്റി നല്ല അറിവുകള്‍ പകരുന്നു.
ശിവപ്രസാദ് പാലോടിന്റെ ‘മഴ നന’, ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ കഥ ‘വിലാപങ്ങളുറങ്ങുന്ന മുന്തിരിതോപ്പുകള്‍’, ശബ്‌നം സിദ്ധിഖിന്റെ കവിത ‘മെലിഞ്ഞ പുഴ’, ബഷീര്‍ വള്ളിക്കുന്നിന്റെ ഓര്‍മ്മകുറിപ്പ് ‘കാത്തയെകണ്ട ഓര്‍മ്മയില്‍’, ചന്തിരൂര്‍ ദിവാകരന്റെ കവിത ‘സുനാമി’, ആര്‍ഷ അഭിലാഷിന്റെ കഥ ‘കാത്തിരിക്കുന്നവര്‍ക്കായി’, സാബു കോലയിലിന്റെ കവിത ‘ഉല്‍പത്തിയുടെ തുടിപ്പുകള്‍’, എം എ ധവാന്‍ എഴിതിയ ആനുകാലിക പ്രസക്തമായ കഥ ‘ഉദരാര്‍ത്ഥി’ എന്നിവയാണു മറ്റു വിഭവങ്ങള്‍.
ഈസ്റ്റര്‍, വിഷു എന്നിവപ്രമാണിച്ച് എഡിറ്റിംഗ് ജോലികള്‍ നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ താമസിച്ചു ലഭിച്ച ചില രചനകള്‍ ഉള്‍പ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. അടുത്തലക്കത്തില്‍ അവ ഉള്‍പ്പെടുത്തുന്നതായിരിക്കും. ‘ജ്വാല’ ഏപ്രില്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല