സ്വന്തം ലേഖകന്‍: ആസിയാന്‍ ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസില്‍, ചര്‍ച്ചകളില്‍ സാമ്പത്തിക സഹകരണത്തിന് മുന്‍തൂക്കമെന്ന് സൂചന. ഇന്ത്യയുടെയും കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെയും നേതാക്കള്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടി ലാവോസ് തലസ്ഥാനമായ വിയന്റെയ്‌നിലാണ് നടക്കുന്നത്.
സമ്മേളനത്തിന് മുന്നോടിയായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പൊതുവിരുന്നിലും പങ്കെടുത്തു. സമ്മേളനത്തിനിടെ തീവ്രവാദം, സമുദ്രസുരക്ഷ, ദുരന്തനിവാരണം, സാമ്പത്തികസഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ലാവോസ് പ്രധാനമന്ത്രി തോങ് ലൂന്‍ സിസോലിത്തുമായും മോദി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ആസിയാനിലെ മറ്റ് രാഷ്ട്രത്തലവന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് ആസിയാന്‍ ഉച്ചകോടി സഹായകമാകുമെന്ന് പ്രധാനമന്ത്രി ലാവോസിലേക്ക് പുറപ്പെടുംമുമ്പ് അഭിപ്രായപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടി ആരംഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല