സ്വന്തം ലേഖകൻ: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടി ആശാ പരേഖിന്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആശാ ഭോസ്‍ലെ, ഹേമ മാലിനി, പൂനം ഡില്ലണ്‍, ടി.എസ്.നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറി പാനലാണ് പുസ്കാരം നിര്‍ണയിച്ചത്.
ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, തൊണ്ണൂറോളം സിനിമകളില്‍ വേഷമിട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 1952ൽ ബാലതാരമായി ബേബി ആശാ പരേഖ് എന്ന പേരിൽ അഭിനയജീവിതം തുടങ്ങി.
1959ൽ നസീർ ഹുസൈൻ സംവിധാനം ചെയ്ത ദിൽ ദേഖൊ ദേഖൊ എന്ന ചിത്രത്തിൽ ഷമ്മി കപൂറിന്റെ നായികയായി അഭിനയിച്ചു, സിനിമ വൻ ഹിറ്റായി. ഗുജറാത്ത് സ്വദേശിനിയായ ആശ, നിരവധി ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1998 മുതൽ 2001 വരെ ഇന്ത്യൻ ഫിലിം സെൻസർ ബോർഡ് അധ്യക്ഷയായിരുന്നു.
അതേസമയം, ദേശീയ ചലച്ചിത്ര പുരസ്കാരം വെള്ളിയാഴ്ച രാഷ്ട്രപതി വിതരണം ചെയ്യും. രണ്ടു വർഷത്തിനുശേഷമാണ് രാഷ്ട്രപതി പുരസ്കാര വിതരണം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല