മാഞ്ചസ്റ്റര്‍ : കേരളത്തില്‍ നിന്നും സ്റ്റുഡന്റ് വിസയില്‍ യു.കെയിലെത്തി കഠിനമായ വൃക്ക രോഗം മൂലം അപകടാവസ്ഥയില്‍ ആയ ആഷ്ബി ജോണ്‍ ഇന്നലെ ഉച്ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങി. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ആഷ്ബിയെ യാത്ര അയയ്ക്കാന്‍ യുക്മ പ്രസിഡന്റ് വിജി കെ പിയും പി.ആര്‍.ഒ അലക്‌സ് വര്‍ഗീസും എത്തിയിരുന്നു. അവരോടൊപ്പം യുക്മ അംഗ അസോസിയേഷന്‍ ആയ എം.എം.സി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പോള്‍ തോമസും സാബു ചുണ്ടകാട്ടില്‍ തുടങ്ങിയവരും ആഷ്ബിയെ യാത്ര അയയ്ക്കുവാന്‍ എത്തിയിരുന്നു.
യുക്മ സംഘടനാപരമായ ആഹ്വാനത്തിലൂടെ നടത്തിയ അടിയന്തിരമായ സഹായമാണ് ആഷ്ബിക്ക് ആശ്വാസമേകിയതും തുണ ആയി ഭവിച്ചതും. യാത്ര ചിലവുകള്‍ക്കും, നാട്ടില്‍ ചെന്നാല്‍ ചികിത്സക്കുള്ള പ്രാരംഭ ചിലവുകള്‍ക്കും ഉള്ള തുക യുക്മയുടെ അഭ്യര്‍ത്ഥന വഴി തന്റെ അക്കൌണ്ടില്‍ എത്തിയതില്‍ അതീവ സന്തുഷ്ടയായ ആഷ്ബിയുടെ, കൃതജ്ഞത കൊണ്ടു നിറഞ്ഞ കണ്ണുകള്‍ യു.കെയിലെ മുഴുവന്‍ മലയാളി സമൂഹത്തോടുമുള്ള സ്‌നേഹം വെളിപ്പെടുത്തി. യുക്മക്കും യു.കെയിലെ മലയാളികള്‍ക്കും ആഷ്ബിയുടെ ഒരായിരം നന്ദി.
യു.കെയില്‍ തന്നെ തുടരുന്നതിനും ചികിത്സ തുടരുന്നതിനും ഉള്ള മുഴുവന്‍ സഹായങ്ങളുടെയും ഉത്തരവാദിത്തം ഒരു നാഷണല്‍ സംഘടന എന്ന നിലക്ക് യുക്മ ആഷ്ബിക്ക് ഉറപ്പു നല്‍കിയെങ്കിലും ഉറ്റവരും ഉടയവരും ആരും കൂടെ ഇല്ലാതെ തനിച്ചു ഇപ്പോഴത്തെ അവസ്ഥയെ നേരിടുന്നതിനുള്ള ധൈര്യം ഇല്ലാതെ വന്നത് കൊണ്ടാണ് എത്രയും വേഗം നാട്ടിലെത്തി ചികിത്സ തുടരുന്നതിന് ആഷ്ബി യാത്രയായത്. സ്റ്റുഡന്റ് വിസയില്‍ യു.കെയിലെത്തി അപകടാവസ്ഥയിലായ ഒരു യുവതിയെ സഹായിക്കുക എന്ന തരത്തില്‍ യുക്മ ആദ്യമായി സര്‍പ്പിക്കുന്ന പൊതുസഹായ ആഹ്വാനമായിരുന്നു ആഷ്ബിയെ സഹായിക്കുകയെന്നുള്ളത്.
വലുതും ചെറുതുമായ നിരവധി സംഭാവനകള്‍ ആഷ്ബിയെ സഹായിക്കാനായി എത്രയും പെട്ടെന്ന് കണ്ടെത്തി പണം സ്വരൂപിക്കുവാന്‍ യുക്മക്ക് കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. യുക്മയുടെ അംഗ അസോസിയേഷനുകള്‍ പലതും ചെറുതും വലുതും ആയ തുകകള്‍ സമാഹരിച്ചിട്ടുണ്ട്. ഒരു സഹജീവിയെ സഹായിക്കാന്‍ ചെയ്ത സേവനം പേരിനും പ്രശസ്തിക്കും വേണ്ടിയല്ല എന്നും അത് കൊണ്ടു തന്നെ സംഭാവനകള്‍ സമാഹരിച്ച അംഗങ്ങളുടെയും അസോസിയേഷനുകളുടെയും പേരുകള്‍ പ്രസിദ്ധീകരിക്കേണ്ടെന്നുള്ള അസോസിയേഷനുകളുടെ നിര്‍ദ്ദേശത്തെ മാനിച്ചു യുക്മ അത് പ്രസിദ്ധീകരിക്കുന്നില്ല.
ഇപ്രകാരമുള്ള യുക്മയുടെ ആദ്യത്തെ സംരംഭത്തെ വന്‍ വിജയമാക്കി തീര്‍ത്ത് യുക്മയെ യു.കെയിലെ മലയാളികളുടെ കൂട്ടയ്മയാക്കി മാറ്റിയ യു കെ മലയാളികളോട് യുക്മ നാഷണല്‍ കമ്മിറ്റിക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി യുക്മ പ്രസിഡന്റ് വിജി.കെ.പിയും സെക്രട്ടറി ബാലസജീവ് കുമാറും അറിയിച്ചു. ഈ ഉദ്യമത്തിന് പൂര്‍ണ്ണ പിന്‍തുണ നല്‍കിയ എല്ലാ അംഗ അസോസിയേഷനുകള്‍ക്കും മാധ്യമങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും യുക്മയുടെ അകൈതവമായ നന്ദി അറിയിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റുഡന്റ് വിസയിലെത്തിയ ഒരു വിദ്യാര്‍ഥിയെ സഹായിക്കാന്‍ യുക്മ ഉദ്യമിച്ചപ്പോള്‍ യുക്മക്ക് പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്ത ഡി.ഐ.എസ്.എഫ് എന്ന യു.കെയിലെ വിദ്യാര്‍ഥി സംഘടനയോടും യുക്മക്കുള്ള നന്ദി അറിയിക്കുന്നതായി അവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല