ജോൺസൺ മാത്യൂസ് (ആഷ്‌ഫോർഡ്): തപ്പിന്റെയും കിന്നാരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന കരോൾ ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ചക്കാലം ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തകർ ദിവ്യരക്ഷകന്റെ തിരുപ്പിറവിയുടെ ദൂത് നൽകിയും, പുതുവത്സരാശംസകൾ നേർന്നും, അസോസിയേഷൻ അംഗങ്ങളായ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് ആഷ്‌ഫോർഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദർശിച്ചു. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരുടെ ശക്തമായ സഹകരണം കരോൾ സർവീസിന് ഉണ്ടായിരുന്നുവെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കരോളിന്റെ അവസാന ദിനം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തിന്റെ ലോഗോ “വെള്ളിത്താരം” അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശേഷം ക്രിസ്തുമസ് കരോൾ വൻ വിജയമാക്കി തീർത്ത ഏവർക്കും സെക്രട്ടറി ജോജി കോട്ടയ്ക്കൽ നന്ദി പ്രകാശിപ്പിച്ചു.
വെള്ളിത്താരം – 2019 ജനുവരി പതിനൊന്നാം തിയതി ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണി മുതൽ ആഷ്‌ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്‌കൂളിൽ വച്ച് ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ 15-)മത് ക്രിസ്തുമസ് പുതുവത്സരാശംസകൾ നടത്തപ്പെടുന്നു. ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ ആഘോഷങ്ങളിൽ 100ൽപ്പരം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വൻ വിജയം വരിച്ച ഫ്ലാഷ് മോബിൽ നിന്നും മെഗാ തിരുവാതിരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 50ൽപ്പരം യുവതികളെ അണിനിരത്തിക്കൊണ്ട് ക്രിസ്ത്യൻ നൃത്തരൂപമായ മെഗാ മാർഗ്ഗം കളിയോട് കൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രസിഡന്റ് സജികുമാർ ഗോപാലൻ ഉത്‌ഘാടനം ചെയ്യും. ലീഗൽ അഡ്വൈസറും, സാമൂഹ്യപ്രവർത്തകനും, പ്രശസ്ത വാഗ്മിയുമായ ജേക്കബ് എബ്രഹാം ക്രിസ്തുമസ് ദൂത് നൽകും.
വൈകിട്ട് അഞ്ചുമണിയോടെ വെള്ളിത്താരം ആഘോഷങ്ങൾക്ക് തിരശീല ഉയരും. പെൺകുട്ടികളുടെ പത്ത് മിനിറ്റ് നീണ്ടു നിൽക്കുന്ന അവതരണ നൃത്തത്തോടെ പരിപാടികൾ ആരംഭിക്കും. 70ൽപ്പരം കലാകാരന്മാരും കലാകാരികളും ചേർന്നവതരിപ്പിക്കുന്ന “വെള്ളിത്താരം” നൃത്തസംഗീത ശില്പങ്ങളും, ക്ലാസ്സിക്കൽ ഡാൻസുകൾ, സ്കിറ്റ്, സിനിമാറ്റിക് ഡാൻസ് എന്നിവയാൽ സമ്പന്നമായിരിക്കും. ഓരോ കലാവിരുന്നും വ്യത്യസ്ത അനുഭവം ആയിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് അറിയിച്ചു. വെള്ളിത്താരത്തിന്റെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണമുണ്ടാകണമെന്ന് ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളും എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല