സ്വന്തം ലേഖകന്‍: ആസിയ ബീബി നെതര്‍ലന്‍ഡ്‌സിലേക്ക് ഇല്ല; വാര്‍ത്തകള്‍ വ്യാജമെന്ന് പാകിസ്താന്‍. മതനിന്ദയുടെ പേരില്‍ മുള്‍ട്ടാനിലെ ജയിലിലായിരുന്ന ആസിയ ബീബിയെ ശിക്ഷിക്കാന്‍ തക്കതായ തെളിവില്ലെന്ന് കാണിച്ച് ബുധനാഴ്ച രാത്രിയാണ് ഇവരെ വിട്ടയയ്ക്കാന്‍ പാക് സുപ്രീം കോടതി ഉത്തരവിട്ടത്.
ജയില്‍മോചിതയായ ക്രിസ്ത്യന്‍ വനിത ആസിയ ബീബി നെതര്‍ലന്‍ഡ്‌സിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാകിസ്താന്‍. മുള്‍ട്ടാനിലെ ജയിലില്‍നിന്ന് പുറത്തിറങ്ങുന്ന ആസിയ റാവല്‍പിണ്ടിയില്‍നിന്ന് വിമാനമാര്‍ഗം നെതര്‍ലന്‍ഡ്‌സിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് വിശദീകരണവുമായി രംഗത്ത് വന്നത്.
മതനിന്ദയുടെ പേരില്‍ മുള്‍ട്ടാനിലെ ജയിലിലായിരുന്ന ആസിയ ബീബിയെ ശിക്ഷിക്കാന്‍ തക്കതായ തെളിവില്ലെന്ന് കാണിച്ച് ബുധനാഴ്ച രാത്രിയാണ് ഇവരെ വിട്ടയയ്ക്കാന്‍ പാക് സുപ്രീം കോടതി ഉത്തരവിട്ടത്. മതനിന്ദ കാണിച്ചെന്ന കുറ്റത്തിന് 2010ല്‍ കീഴ്‌ക്കോടതി ആസിയയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ബുധനാഴ്ച സുപ്രീം കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്.
വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ഫവാദ് ചൗധരിയും രംഗത്ത് വന്നിട്ടുണ്ട്. തലക്കെട്ടുകള്‍ ഭംഗിയുള്ളതാക്കാന്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രവണത കൂടിവരുന്നുണ്ടെന്നും മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ചൗധരി പ്രതികരിച്ചു.
നേരത്തെ ആസിയ ബീബിയുടെ അഭിഭാഷകന്‍ നെതര്‍ലന്‍ഡ്‌സില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു. ജീവന് ഭീഷണിയുണ്ടെങ്കില്‍ ബീബിക്ക് അഭയം നല്‍കാന്‍ തയ്യാറാണെന്ന് ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല