ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യയ്ക്കിന്ന് കന്നിയങ്കം. ഉജ്വല ഫോമിലുള്ള ലങ്ക ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഓസ്ട്രേലിയന്‍ മണ്ണിലേറ്റ തിരിച്ചടികള്‍ക്കു പ്രായശ്ചിത്തം ചെയ്യുകയാണു മഹേന്ദ്ര സിങ് ധോണിയുടെ സംഘത്തിന്‍റ ലക്ഷ്യം. അവസാന ലീഗ് മത്സരത്തില്‍ ഓസ്ട്രേലിയയെ കീഴടക്കി തങ്ങളെ പുറത്തേക്കു നയിച്ച ലങ്കയോടു കണക്കു തീര്‍ക്കാനും ധോണിപ്പട കോപ്പുകൂട്ടുന്നു.
വീരേന്ദര്‍ സേവാഗിന്‍റെയും സഹീര്‍ ഖാന്‍റെയും സേവനമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഓസ്ട്രേലിയയില്‍ ഇരുവരുടെയും പ്രകടനം ആശാവാഹമായിരുന്നുമില്ല. മുന്‍നിരയുടെ മങ്ങിയ ഫോമാണ് ഇന്ത്യയ്ക്ക് ഏറെ ആശങ്ക പകരുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഗൗതം ഗംഭീര്‍ ജോടിയുടെ റെക്കോഡ് വളരെ മോശം. ഈ സാഹചര്യത്തില്‍ ഗംഭീറിനെ മൂന്നാം നമ്പറില്‍ നിലനിര്‍ത്തിക്കൊണ്ട് സച്ചിനു മറ്റൊരു ഓപ്പണി പങ്കാളിയെ നല്‍കാനുള്ള സാധ്യതകളും അന്വേഷിച്ചേക്കാം. മത്സരങ്ങള്‍ ഉപഭൂഖണ്ഡത്തിലായതിനാല്‍ യൂസഫ് പഠാനും ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടാവുന്നത്.
മധ്യനിരയില്‍ രോഹിത് ശര്‍മയും സുരേഷ് റെയ്യും നിരാശപ്പെടുത്തിയപ്പോള്‍ വിരാട് കോഹ്ലിയുടെ മികവാണ് ഏക ആശ്വാസം. ഉപഭൂഖണ്ഡത്തിലെ വ്യത്യസ്ത സാഹചര്യത്തില്‍ സച്ചിനടക്കമുള്ളവര്‍ ഫോമിലെത്തിയില്ലെങ്കില്‍ ഇന്ത്യയുടെ മുന്നേറ്റം ബുദ്ധിമുട്ടാകും.
സഹീറിന്‍റെ അഭാവത്തില്‍ ബൗളിങ് നിരയില്‍ പ്രവീണ്‍ കുമാറിനും വിനയ് കുമാറിനും ഉത്തരവാദിത്വം ഏറെ. ആദ്യ മത്സരങ്ങളിലേക്കെങ്കിലും മൂന്നാം പേസറായി ഇര്‍ഫാന്‍ പഠാന്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബംഗാളി പേസര്‍ അശോക് ദിന്‍ഡയ്ക്കു കഴിവു തെളിയിക്കാനും അവസരം ലഭിച്ചേക്കും. സ്പിന്നിന് ആനുകൂല്യമുള്ള സാഹചര്യത്തില്‍ ആര്‍. അശ്വിനൊപ്പം രാഹുല്‍ ശര്‍മയ്ക്ക് ഇടം കണ്ടെത്താനും ഇന്ത്യ ശ്രമിച്ചേക്കും. രവീന്ദ്ര ജഡേജയ്ക്കു തത്കാലം കരയ്ക്കിരിക്കേണ്ടി വരും.
ത്രിരാഷ്ട്ര കപ്പിലെ മികച്ച പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തിലാണു ലങ്ക. ഇന്ത്യയ്ക്കുമേല്‍ അവര്‍ക്കു മാനസിക ആധിപത്യമുണ്ട്. പരിചയസമ്പത്തും യുവത്വവും സമന്വയിച്ച ലങ്കന്‍ ബാറ്റിങ് നിര ഉജ്വല ഫോമിലും. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ, കുമാര്‍ സംഗക്കാര, തിലകരത്നെ ദില്‍ഷന്‍, ദിനേശ് ചന്ദിമല്‍, ഉപുല്‍ തരംഗ, ലാഹിരു തിരിമണ്ണെ എന്നിവരെല്ലാം യഥേഷ്ടം റണ്‍സ് കണ്ടെത്തുന്നു.
ലസിത് മലിംഗയുടെ മൂര്‍ച്ചക്കുറവാണ് ബൗളിങ് നിരയില്‍ അവരുടെ ആശങ്ക. സംഹാരശേഷി ആര്‍ജിച്ചാല്‍ ഏതു ബാറ്റിങ് ലൈനപ്പിനെയും ഒറ്റയ്ക്കു നശിപ്പിക്കാനാകും മലിംഗയ്ക്ക്. ത്രിരാഷ്ട്ര ഫൈനലുകളോടെ ഫോമിലേക്കു തിരിച്ചെത്തുന്നതിന്‍റെ സൂചനകളും നല്‍കിയിരുന്നു. നുവാന്‍ കുലശേഖരയുടെയും തിസാര പേരേരയുടെയും കൃത്യതയും എയ്ഞ്ചലോ മാത്യൂസിന്‍റെ ഓള്‍റൗണ്ട് മികവും ലങ്കയ്ക്കു മുന്‍തൂക്കം നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല