സ്വന്തം ലേഖകൻ: ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ പതിമൂന്ന് മത്സരങ്ങളില്‍ പത്തെണ്ണവും നടക്കുന്നത് ദുബായിലാണ്. എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന് ആതിഥ്യമരുളുന്നതും ദുബായ് തന്നെ. ആഗസ്ത് 27ന് ശ്രീലങ്ക- അഫ്ഗാനിസ്താന്‍ മത്സരത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ പതിനൊന്നിനാണ് സമാപിക്കുക.
ദുബായ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് 16 ദിവസത്തെ ടൂര്‍ണമെന്റിന് തുടക്കം കുറിച്ച് ശ്രീലങ്ക- അഫ്ഗാന്‍ മത്സരം അരങ്ങേറുക. അതിനു മുന്നോടിയായി കാണികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ദുബായ് പോലിസ്. സ്റ്റേഡിയത്തിനകത്ത് സെല്‍ഫി സ്റ്റിക്ക് മുതല്‍ രാഷ്ട്രീയ പതാകകള്‍ക്കു വരെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍.
മൂർച്ചയേറിയ സാധനങ്ങൾ, കൊടി, ബാനർ, ലഹരിവസ്തുക്കൾ, പുകവലി, പടക്കം, റേഡിയോ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, ലേസറുകൾ, പുറമേനിന്നുള്ള ഭക്ഷണവും പാനീയവും, സ്കേറ്റ് ബോർഡ്, ഇ സ്കൂട്ടർ, ബൈക്ക്, വിദൂരനിയന്ത്രിത ഉപകരണങ്ങൾ തുടങ്ങിയവ നിരോധിച്ചു. വളർത്തുമൃഗങ്ങളെയും അനുവദിക്കില്ല.
കളി തുടങ്ങുന്നതിന് 3 മണിക്കൂർ മുൻപ് സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറക്കും. ഗേറ്റിൽ ടിക്കറ്റ് കാണിക്കണം. 4 വയസ്സും അതിനു മുകളിലുമുള്ളവർ ടിക്കറ്റ് എടുക്കണം. സ്റ്റേഡിയത്തിൽ നിന്നു പുറത്തിറങ്ങിയാൽ വീണ്ടും കയറാനാവില്ല. പാർക്കിങ്ങിന് പ്രത്യേക മേഖലകളുണ്ടാകും. എവിടെയെങ്കിലും പാർക്ക് ചെയ്തു പോകാൻ കഴിയില്ല.
നാളെ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതു തടയാൻ കർശന നടപടിയുമായി ദുബായ് പൊലീസ്. 28ന് നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾക്കാണു കരിഞ്ചന്തയിൽ വൻ ഡിമാന്റ്. മത്സരത്തിന്റെ ടിക്കറ്റുകൾ ആദ്യ ദിവസം തന്നെ വിറ്റുപോയിരുന്നു. ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വാങ്ങിയ ആളുടെ വിവരം ലഭിക്കും എന്നതിനാൽ ടിക്കറ്റ് കൈമാറിയാൽ പിടിവീഴുമെന്നു പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല