സ്വന്തം ലേഖകൻ: ഏഷ്യ-പസഫിക് മേഖലയില്‍ ജോലിക്കെടുക്കുന്ന തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പഠനം. ചൊവ്വാഴ്ച പുറത്തിറക്കിയ ഡീലിന്റെ സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ ഹയറിംഗ് റിപ്പോര്‍ട്ടിലേതാണ് ഈ കണ്ടെത്തല്‍. യുഎഇയില്‍, എല്ലാ പ്രവാസി കമ്മ്യൂണിറ്റികളെയും എടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്. ഏകദേശം 35 ലക്ഷം ഇന്ത്യന്‍ പൗരന്മാരാണ് യുഎഇയിലുള്ളത്. 17 ലക്ഷം പാകിസ്താനികളും 6.5 ലക്ഷം ഫിലിപ്പിനോകളും യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നതായും ഡീല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഇന്ത്യക്കാരായിരിക്കുമ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേരെ ജോലിക്ക് നിയോഗിച്ച രാജ്യങ്ങളിലും ഇന്ത്യന്‍ തന്നെയാണ് മുന്‍പന്തിയിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഇന്ത്യ എന്നിവയാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ ജോലിക്കാരെ നിയമിച്ച ഏഷ്യ-പസഫിക് മേഖലയിലെ മികച്ച മൂന്ന് രാജ്യങ്ങള്‍.
സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, വില്‍പ്പന, ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം എന്നിവയാണ് ഏഷ്യ-പസഫിക്കില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ജോലികളെന്നും ഡീലിന്റെ സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ ഹയറിംഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ശമ്പളത്തിന്റെ കാര്യത്തില്‍, തായ്വാന്‍, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും മുന്നിലുള്ള മൂന്ന് രാജ്യങ്ങളില്‍. ഈ രാജ്യങ്ങളില്‍ എല്ലാ ജോലികളിലുമുള്ള ശരാശരി ശമ്പളം മറ്റ് രാജ്യങ്ങളെക്കാള്‍ കൂടുതലാണ്.
2.6 ലക്ഷത്തിലധികം തൊഴില്‍ കരാറുകള്‍ പരിശോധിക്കുകയും 160-ലധികം രാജ്യങ്ങളിലായി 15,000-ത്തിലധികം ഉപഭോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുകയും മൈക്രോവേര്‍സ് ഉള്‍പ്പെടെയുള്ള മൂന്നാം കക്ഷി ഉറവിടങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തിലധികം ഡാറ്റാ പോയിന്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡീലിന്റെ സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ ഹയറിംഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഫിലിപ്പീന്‍സ്, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഉള്ളടക്ക നിര്‍മ്മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശമ്പളം വര്‍ധിച്ചെങ്കിലും അക്കൗണ്ടന്റുമാര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജന്റുമാര്‍, കണ്‍സള്‍ട്ടന്റുകള്‍, ഡിസൈനര്‍മാര്‍, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ എന്നിവരുടെ ശമ്പളം കുറയുകയാണുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രിപ്റ്റോകറന്‍സികളിലെ അസ്ഥിരത കാരണം, ക്രിപ്റ്റോകറന്‍സികളില്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നതില്‍ തൊഴിലാളികള്‍ക്കിടയില്‍ താല്‍പ്പര്യം നഷ്ടപ്പെട്ടതായും ഡീല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല