ഓര്‍മ്മയുണ്ടോ ഈ മുഖം എന്നും ചോദിപ്പിച്ചു സുരേഷ് ഗോപിയെക്കൊണ്ട് ഏഷ്യാനെറ്റ് ‘നിങ്ങളെ’ കൊടീശ്വരനാക്കാന് തുനിഞ്ഞിറങ്ങിയ വിവരം അറിഞ്ഞ് കാണുമല്ലോ? മലയാളികളുടെ പ്രിയ ചാനലായ ഏഷ്യാനെറ്റിനു നിങ്ങളെ കൊടീശ്വരനാക്കാന് ഒരു മോഹം തോന്നിയാല്‍ തെറ്റ് പറയാനൊക്കുമോ? പ്രത്യേകിച്ച് സൂര്യാ ടിവി ഡീല്‍ ചെയ്തും ചെയ്യാതെയും ലക്ഷാധിപകളെ സൃഷ്ടിക്കുമ്പോള്‍. എന്നാല്‍ നോക്കിക്കളയാം കൊടീശ്വരനാകാന് ഒരു ഭാഗ്യ പരീക്ഷണം എന്നാണ് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി, ഇത് വെറുമൊരു ഭാഗ്യ പരീക്ഷണമല്ല, മറിച്ച് വിവരമുള്ളവര്‍ക്ക് പറഞ്ഞ പണിയാണെന്നാണ് ചാനലുകളുടെ അവകാശവാദം. ഇനി നിങ്ങളുടെ അറിവിലേക്കും അറിവില്ലായ്മയിലേക്കും ഒന്ന് നോക്കാം.
കോടീശ്വരന് ആകാനുള്ള ചോദ്യങ്ങള്‍ അതി കഠിനം തന്നെ ആകും എന്ന് വിചാരിച്ചു മത്സരിക്കാതെ മാറി ഇരിക്കാമെന്ന് വെച്ചാല്‍ ചാനലുകാര് നിങ്ങളെ അതിനും സമ്മതിക്കില്ല. കാരണം ചാനലുകാര് ചോദിക്കുന്ന ആദ്യ ചോദ്യത്തില്‍ തന്നെ നിങ്ങള്‍ കോടീശ്വരന് ആകാന്‍ തുനിഞ്ഞിറങ്ങിയിരിക്കും, ആദ്യചോദ്യം ഇതാണ് ‘മുല്ലപ്പെരിയാര്‍ ഡാം ഏത് ജില്ലയില്‍ ആകുന്നു?’. ഇതിനുള്ള ഉത്തരം അറിയാത്ത ഏതെങ്കിലും മലയാളി ഈ ഭൂലോകത്ത് ഉണ്ടെന്ന് തോന്നുന്നില്ല. ആയതിനാല്‍ അഖിലലോക മലയാളികളും ഒരു കൈ പ്രയോഗിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യും. ഒരു ചോദ്യം കൊണ്ടൊന്നും ചാനല്‍ ഇപ്പണി നിര്‍ത്തുന്നില്ല. ദേ വരുന്ന അടുത്ത ചോദ്യം മലയാളി ആയ ഇന്ത്യന്‍ പ്രസിഡന്റ് ആരാണ് ? ഇനി വേറെ ഒരു ചോദ്യം കേരളത്തിലെ ഏത് നഗരമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത് ? ഈ ചോദ്യങ്ങള്‍ കണ്ടാല്‍ ആരും ‘പോയാല്‍ ചട്ടി, കിട്ടിയാല്‍ ഊട്ടി’ എന്ന് കരുതുന്നു.
എന്നാല്‍ ഉത്തരങ്ങള്‍ ചാനലുകാര്‍ക്ക് എസ്.എം.എസ് വഴിയാണ് ലഭിക്കേണ്ടത്. ഇവിടെയാണ് ചാനലിന്റെ കപടമുഖം വെളിപ്പെടുന്നത്. ചാനല്‍ ഓരോ ദിവസവും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും ഇങ്ങനെ ഉത്തരം നല്‍കണം. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം അയച്ചാല്‍ നിങ്ങളുടെ സാധ്യതകള്‍ വര്‍ദ്ധിക്കുമെന്ന് പരസ്യത്തിലൂടെ പറയുന്നു. “അന്‍പത് പൈസയുടെ പോസ്റ്റ് കാര്‍ഡില്‍ പോസ്റ്റ് ചെയ്താല്‍ പോരെ,” എന്ന് ചോദിച്ചാല്‍ അല്ല എന്നുത്തരം. എന്തിനും ഏതിനും ഓണ്‍ലൈനില്‍ അഭിപ്രായങ്ങള്‍ ചോദിക്കുന്ന ഈ ചാനലുകള്‍ ഉത്തരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുവാനുള്ള സൌകര്യവും ഒരുക്കുന്നില്ല. നിങ്ങള്‍ക്ക് കോടീശ്വരന് ആകണോ, എന്നാല്‍ ഉത്തരം എസ് എം എസ് വഴി തന്നെ ശരണം!
ഇനി ഒരു എസ്എംഎസില്‍ എന്തിരിക്കുന്നു എന്ന് നോക്കാം. സാധാരണ എസ് എം എസ്സുകള്‍ മിക്കവര്‍ക്കും സൌജന്യമാണ്. സൌജന്യം അല്ലാത്തവര്‍ക്ക് കൂടിയാല്‍ ഒരു രൂപ ചാര്‍ജ് ആകും. എന്നാല്‍ ഈ എസ് എം എസ്സിന് ഈടാക്കുന്ന ചാര്‍ജുകള്‍ ആണ് യഥാര്‍ത്ഥ കോടീശ്വരന് ആരാണെന്ന് തീരുമാനിക്കുന്നത്. ചാര്‍ജുകള്‍ ഇപ്പടിയാണ് എയര്‍ടെല്‍ മൂന്നു രൂപ, വോഡഫോണ്‍, ഐഡിയ, ബി എസ് എന്‍ എല്‍, റിലയന്‍സ്, എയര്‍സെല്‍, ഡോകോമോ എന്നിവ അഞ്ച് രൂപ വീതം. അയ്യോ! ഞങ്ങള്‍ക്ക എസ്എംഎസ് അയക്കാന്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കാമെന്ന് വെച്ചാല്‍ അതിനും സമ്മതിക്കില്ല. അവര്‍ക്ക് മറ്റൊരു മാര്‍ഗം വിശാലമനസ്കരായ ചാനല്‍ നല്കുന്നു. ഫോണ്‍ വിളിച്ചു ഉത്തരം അറിയിക്കാം, പക്ഷെ ചാര്‍ജ് ഒരു രൂപ ആണെന്ന് കരുതരുത്. അതിന്റെ നിരക്കുകള്‍ മിനിറ്റില്‍ ഇങ്ങനെയാണ്. എയര്‍സെല്‍ രണ്ട് രൂപ. ബി എസ് എന്‍ എല്‍ ലാന്‍ഡില്‍ വിളിച്ചാല്‍ രണ്ട് രൂപ നാല്പത് പൈസ, ബി എസ് എന്‍ എല്‍ മൊബൈല്‍ അഞ്ച് രൂപ, എയര്‍ടെല്‍, ഐഡിയ, ഡോകോമോ, വോഡഫോണ്‍, റിലയന്‍സ് എന്നിവ ആറു രൂപ വീതം.
ഇനി ശരിയായ ഉത്തരം നിങ്ങള്‍ അയച്ചു എന്നിരിക്കട്ടെ ഉടനെ ഒരു കോടി കിട്ടും എന്ന് കരുതണ്ട. ആദ്യ എസ് എം എസ് മാത്രമാണത്. അത് ലഭിച്ചതിന്റെ ഒരു നന്ദി എസ് എം എസ് നിങ്ങളുടെ മൊബൈലില്‍ ഉടന്‍ എത്തും. അത് കഴിഞ്ഞ നിങ്ങള്‍ രണ്ടാം സ്റ്റെപ്പിലേക്ക് പ്രവേശിക്കുകയായി. രണ്ടാം സ്റ്റെപ്പില്‍ നിങ്ങള്‍ നിങ്ങളുടെ ലിംഗം, വയസ്സ്, പിന്‍കോഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എസ് എം എസ്സ് വഴി അയച്ചു കൊടുക്കണം. അതിനും മുകളില്‍ പറഞ്ഞ നിരക്കുകള്‍ ബാധകമാണ്. ഈ വിവരങ്ങള്‍ കൂടി ആദ്യ മെസ്സേജില്‍ ഉള്‍പ്പെടുത്തിയാല്‍ പോരേ എന്ന് ചോദിക്കരുത്. രണ്ടാമത്തെ എസ് എം എസ്സിനും ഒരു നന്ദി മെസ്സേജ് വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇനി ഒരു കോടിയുടെ സ്വപ്നങ്ങളുമായി കാത്തിരിക്കാം. നിങ്ങള്‍ മത്സരത്തിനു് അര്ഹനാനെങ്കില് പിന്നീട് നിങ്ങള്‍ക്ക് കോള്‍ വരുകയും നിങ്ങള്‍ക്ക് പങ്കെടുക്കയും ചെയ്യാം.
അതായത് മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരാളില്‍ നിന്നും ഒരു ചോദ്യത്തിന് കുറഞ്ഞത് പത്ത് രൂപ നഷ്ടപ്പെടുന്നു. ആറു ചോദ്യങ്ങള്‍ക്കും ശരിയുത്തരം പറഞ്ഞാല്‍ കോടീശ്വരനിലെക്കുള്ള നിങ്ങളുടെ അകലം കുറയുകയാണെന്ന പരസ്യം വിശ്വസിക്കുന്ന പ്രേക്ഷകന്റെ മുപ്പതു്- നാല്പത് രൂപ നഷ്ടപ്പെടുന്നു. മൂന്നുകോടി മലയാളികളില്‍ പത്തു ലക്ഷം പേര് എസ് എം എസ് വിട്ടാല്‍ ഒരു ദിവസം ലഭിക്കുന്നത് ഒരു കോടി രൂപ. അങ്ങനെ ആറു ദിവസങ്ങള്‍ കൊണ്ട് ആറു കോടി. ഇതില്‍ ഒരു വിഹിതം മൊബൈല്‍ കമ്പനികള്‍ക്കും നല്കുന്നു. അതില്‍ നിന്നും ഒരു കോടി ഈ എസ് എം എസ് വിട്ട ഏതേലും ഒരുവന് നല്‍കുകയും ചെയ്യുന്നു. ഈ പ്രോഗ്രാമിനിടയില്‍ പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം കൂടിയാവുമ്പോള്‍ ചാനല്‍ മുതലാളി കോടീശ്വരനാകുന്നു!
ഇക്കളി ഒരിക്കലും പുതിയ കളിയാണെന്ന് കരുതരുത്. ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട you can become a millionaire എന്ന അന്താരാഷ്ട്ര പ്രോഗ്രാമിനെ അനുകരിച്ചു കൊണ്ട് കോണ്‍ ബനേഗാ ക്രോര്‍പതി എന്ന പ്രോഗ്രാമിലൂടെ സ്റ്റാര്‍ ടിവി ഈ കോടി സ്വപ്നത്തെ ഇന്ത്യയിലേക്ക് ആനയിച്ചു. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതാരകരായി വന്ന ആ പരിപാടി വന്‍ വിജയമായിരുന്നു. മലയാളത്തില്‍ മുകേഷിനെ വച്ച് കൊണ്ട് സൂര്യ ടിവിയാണ് ഇത്തരത്തില്‍ പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോഴിതാ ഏഷ്യാനെറ്റ് സുരേഷ് ഗോപിയെ അവതാരകനായി വച്ച് കൊണ്ട് “നിങ്ങള്‍ക്കും ആകാം കോടീശ്വരന്” എന്ന പേരില്‍ വീണ്ടും ഇത് അവതരിപ്പിക്കുന്നു.
നാട്ടുകാരെ കോടിപതികള്‍ ആക്കി ഒരു പുണ്യപ്രവൃത്തി ചെയ്തു കളയാം എന്നു അതിമോഹിച്ചല്ല സ്റ്റാര്‍ ടിവിയും, സൂര്യ ടിവിയും ഇപ്പോള്‍ ഏഷ്യാനെറ്റും ഇത്തരം പരിപാടികളുമായി കടന്നു വരുന്നത്. മറിച്ച്, പ്രേക്ഷകരുടെ പോക്കറ്റില്‍ നിന്നു് എങ്ങനെ പൈസ തങ്ങളുടെ അക്കൌണ്ടില്‍ ആക്കാം എന്ന വിചാരത്തോടെ തന്നെയാണ്. ഒരുപക്ഷെ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സഹായിക്കാന്‍ ആയിരുന്നു ഈ പ്രോഗ്രാം എങ്കില്‍ എസ് എം എസ് റേറ്റുകള്‍ ഒരു രൂപയാക്കുകയും, ഓണ്‍ലൈനില്‍ ഉത്തരം രേഖപ്പെടുത്താനുള്ള അവസരം നല്‍കുകയും വേണമായിരുന്നു. അതൊന്നും ചെയ്യത്തതിലൂടെ തങ്ങള്‍ക്ക് ലക്ഷ്യം കാശ് മാത്രമാണെന്ന് ഉറപ്പിക്കുന്നു. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് ചോദിച്ച മലയാളത്തിന്റെ പ്രിയ നടന് സുരേഷ് ഗോപിയോട് ഒരു വാക്ക്.. മലയാളികള്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു മുഖമായി മാറരുത് താങ്ങളുടെ മുഖം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല