സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ കുരുങ്ങിയ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും സഹോദരിയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) കോചെയര്‍മാന്‍ കൂടിയായ ആസിഫ് അലി സര്‍ദാരിയെയും സഹോദരി ഫരില്‍ തല്‍പുരിനെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്. 3500 കോടിയുടെ അഴിമതിക്കേസില്‍ ഇവര്‍ക്കു പുറമേ മറ്റ് 18 പേരെയും പിടികിട്ടാപ്പുള്ളി പട്ടികയില്‍ ഉള്‍പ്പെടുത്തി. സിന്ധ് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസാണിത്.
പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ഇരുപത് പേരുടെ പട്ടികയില്‍ പത്തൊന്‍പതാമത്തെയും ഇരുപതാമത്തെയും സ്ഥാനത്താണ് സര്‍ദാരിയും തല്‍പൂരും. സ്വകാര്യബാങ്കിന്റെ ചെയര്‍മാനായ അന്‍വര്‍ മജീദും മകന്‍ അബ്ദുള്‍ ഗനി മജീദുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്. സര്‍ദാരിയുടെ അടുത്ത കൂട്ടാളിയും ബാങ്ക് നടത്തിപ്പുകാരനുമായ ഹുസെയ്ന്‍ ലവായിക്കും കേസിലെ മറ്റ് പ്രതികള്‍ക്കുമെതിരേ എഫ്.ഐ.എ.യുടെ സ്റ്റേറ്റ് ബാങ്ക് സര്‍ക്കിള്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചതിനു പിന്നാലെയാണ് നടപടി. ലവായിയെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തു.
യുണൈറ്റഡ്, സമ്മിറ്റ്, സിന്ധ് ബാങ്കുകളിലായി 29 വ്യാജ അക്കൗണ്ടുകള്‍ തുടങ്ങാന്‍ സൗകര്യമൊരുക്കിയെന്നാണ് ലവായിക്കെതിരായുള്ള കേസ്. ലവായിയെയും സമ്മിറ്റ് ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് താഹ റാസയെയും കേസില്‍ കഴിഞ്ഞയാഴ്ച് റിമാന്‍ഡ് ചെയ്തിരുന്നു. വ്യാജ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടുകള്‍ വഴി സര്‍ദാരിയും സഹോദരിയും കൈപ്പറ്റിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല