1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2012

സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ നിന്ന്‌ വിട്ടു നിന്ന യുവനടന്‍ ആസിഫ്‌ അലിക്കെതിരെ നടപടിയെടുക്കാന്‍ താര സംഘടനയായ അമ്മ ഒരുങ്ങുന്നതായി സൂചന. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഐക്കണ്‍ താരമായ ആസിഫ്‌ അലി പരിശീലന ക്യാമ്പിലോ മത്സരങ്ങളിലോ സംബന്ധിക്കാതെ ‘ഒളിച്ചുകളി’ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ്‌ യുവതാരത്തിനെതിരേ ‘അമ്മ’ നടപടിക്കൊരുങ്ങുന്നത്‌തായറിയുന്നത്.

അസൗകര്യം ഉണ്ടെങ്കില്‍ അക്കാര്യം ടീമിലെ ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചറിക്കുക എന്ന സാമാന്യ മര്യാദ പോലും കാട്ടാത്ത ആസിഫ്‌, മോഹന്‍ലാലും ലിസിയും പ്രിയദര്‍ശനും അങ്ങോട്ടുവിളിച്ചിട്ടും ഫോണ്‍ പോലും എടുക്കാന്‍ കൂട്ടാക്കിയില്ലത്രെ. താര സംഘടനയായ അമ്മയുടെ കൂടി നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ളതാണ്‌ കേരള സ്‌ട്രൈക്കേഴ്‌സ് ടീം. ഈ ടീം കളിയിലൂടെ നേടുന്ന വരുമാനത്തിന്റെ 20 ശതമാനം അമ്മയ്‌ക്കവകാശപ്പെട്ടതാണ്‌. അതു കൊണ്ടുതന്നെ താരങ്ങളെയെല്ലാം ഇതില്‍ സഹകരിപ്പിക്കേണ്ട ഉത്തരവാദിത്വവും അമ്മയ്‌ക്കുണ്ട്‌.

കളിക്കു മുന്‍പോ ശേഷമോ ടീമംഗങ്ങളെയാരെയും ഫോണില്‍ പോലും ബന്ധപ്പെട്ട്‌ അസൗകര്യം അറിയിക്കാതെ നിരുത്തരവാദിത്തപരമായി പെരുമാറിയ ആസിഫിനെതിരെ താരസംഘടനയായ അമ്മ നടപടി സ്വീകരിക്കുമെന്ന്‌ കേരള സ്‌ട്രൈക്കേഴ്‌സ് മാനേജരും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞു.

”ആസിഫ്‌ അലി ഉള്‍പ്പടെയുള്ള താരങ്ങളുടെ സമ്മതം വാങ്ങിയ ശേഷമാണ്‌ ടീമില്‍ ഉള്‍പ്പെടുത്തിയത്‌. തീം സോംഗ്‌ ഷൂട്ടിലും ലോഞ്ചിംഗ്‌ ഫങ്‌ഷനിലും ആസിഫുണ്ടായിരുന്നു. ടിക്കറ്റിലും പോസ്‌റ്ററുകളിലും ആസിഫിന്റെ ചിത്രവും ഉള്‍പ്പെടുത്തി. പിന്നീട്‌ പരിശീലനത്തില്‍ നിന്ന്‌ അപ്രതീക്ഷിതമായി വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം ഒന്‍പതിന്‌ അവാര്‍ഡ്‌ നൈറ്റ്‌ കഴിഞ്ഞ്‌ ദുബായില്‍ നിന്ന്‌ ഒരേ വിമാനത്തിലാണ്‌ ഞങ്ങള്‍ കേരളത്തിലേക്ക്‌ വന്നത്‌. 10 ന്‌ ടീം ക്യാമ്പ്‌ തുടങ്ങുന്ന വിവരം പറഞ്ഞപ്പോള്‍ വരാമെന്നും പറഞ്ഞു. വരാത്തതിനെത്തുടര്‍ന്ന്‌ ഫോണ്‍ വിളിച്ചു. അപ്പോഴും ഔട്ട്‌ ഓഫ്‌ റേഞ്ച്‌.

ഒടുവില്‍ ബാംഗ്‌ളൂരിലുണ്ടെന്ന്‌ വിവരം കിട്ടിയപ്പോള്‍ വീണ്ടും വിളിച്ചു. ആസിഫിനെ ലൈനില്‍ കിട്ടി. മോഹന്‍ലാലാണ്‌ ആസിഫുമായി സംസാരിച്ചത്‌. അത്യാവശ്യമായി ബാംഗ്‌ളൂരില്‍ പോകേണ്ടി വന്നതിനാലാണ്‌ ക്യാംപില്‍ എത്താനാവാത്തതെന്നും അടുത്തദിവസം രാവിലെ എത്താമെന്നും പറഞ്ഞെങ്കിലും വന്നില്ല. പിന്നീട്‌ ഫോണില്‍ പലരും മാറി മാറി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തിരക്കുകളും അസൗകര്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്‌. പക്ഷേ അത്‌ ഉത്തരവാദപ്പെട്ടവരെ ഫോണില്‍ വിളിച്ചറിയിക്കുകയാണ്‌ മര്യാദ.

പൃഥ്വിരാജിന്‌ ഷൂട്ടിംഗ്‌ തിരക്കു മൂലം പരിശീലന ക്യാമ്പില്‍ എത്താനായില്ല. അദ്ദേഹം മുന്‍കൂട്ടി ഞങ്ങളെ അറിയിച്ചിരുന്നു. കളിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസത്തെ മുംബൈക്കെതിരായ മാച്ചില്‍ ടീമിനൊപ്പം ചേരുകയും ചെയ്‌തു. താര കുടുംബത്തിന്റെ കൂട്ടായ്‌മ വിളംബരം ചെയ്‌തു കൊണ്ട്‌ മമ്മൂട്ടി ഉള്‍പ്പടെയുള്ള മറ്റ്‌ പ്രമുഖരെല്ലാം ഗ്രൗണ്ടിലെത്തുകയും ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. പക്ഷേ ആസിഫ്‌ മാത്രം മാറി നിന്നത്‌ തികച്ചും പ്രതിഷേധാര്‍ഹമാണ്‌” ഇടവേള ബാബു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.