സ്വന്തം ലേഖകന്‍: തെന്നിന്ത്യന്‍ നടി അസിനും മൈക്രോമാക്‌സ് മൊബൈല്‍ഫോണ്‍ കമ്പനി ഉടമ രാഹുല്‍ ശര്‍മയും വിവാഹിതരാകുന്നു. ഞായറാഴ്ച വിവാഹം നിശ്ചയിച്ചതായി അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലാണ് മാധ്യമങ്ങളോട് പറഞ്ഞു. നവംബറില്‍ വിവാഹം നടത്തുമെന്നും അദ്ദേഹം സൂചന നല്‍കി.
നാഗ്പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷം കാനഡയില്‍ ഉപരിപഠനം നടത്തിയ രാഹുല്‍ ശര്‍മ, രണ്ടായിരത്തിലാണു മൈക്രോമാക്‌സ് കമ്പനി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം 11,000 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനി ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ കമ്പനികളില്‍ പത്താം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ, മികച്ച ബിസിനസ് സംരംഭകരില്‍ ഒരാളായാണ് രാഹുല്‍ അറിയപ്പെടുന്നത്.
ഖിലാഡി 786 എന്ന ഹിന്ദി ചിത്രത്തില്‍ അസിന്റെ നായകനായിരുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണു രാഹുല്‍. മൈക്രോമാക്‌സിന്റെ ആദ്യകാല ബ്രാന്‍ഡ് അംബാസഡറായ അക്ഷയ് കുമാറിലൂടെയാണ് അസിന്‍ രാഹുലുമായി സൗഹൃദത്തിലായത്. കരാറിലായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മതി വിവാഹം എന്ന തീരുമാനത്തിലായിരുന്നു നടി. അസിന്‍ അഭിഷേക് ബച്ചന്റെ നായികയായെത്തുന്ന ഓള്‍ ഈസ് വെല്‍ എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല