മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ അക്രമം ഭയന്നും നാട്ടില്‍ ഒറ്റപ്പെട്ട ബന്ധുക്കളെ കാണാനും അസം തൊഴിലാളികള്‍ കൂട്ടത്തോടെ കേരളംവിടുന്നു. ചിലയിടങ്ങളില്‍ മുസ്ലിം തീവ്രവാദ സംഘടനകളുടെ ഭീഷണിയുള്ളതായി പരാതിയുണ്ട്. ഇവരുടെ പലായനത്തെക്കുറിച്ച് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി.
ഒരാഴ്ചക്കിടെ അയ്യായിരത്തില്‍പരം അസം സ്വദേശികള്‍ സംസ്ഥാനത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നിഗമനം. മലപ്പുറത്തുനിന്നാണ് കൂടുതല്‍ പേര്‍ നാട്ടിലേക്കുതിരിച്ചത്. മൂന്ന് ദിവസത്തിനിടെ മലപ്പുറത്ത് നിന്ന് 512 തൊഴിലാളികള്‍ ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് നാട്ടിലേക്ക് തിരിച്ചു.
ജില്ലയിലുള്ള അസം സ്വദേശികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാകളക്ടര്‍ എം. സി. മോഹന്‍ദാസ് പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്കയ്ക്കിടയാക്കുന്ന സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ലെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. അവരുടെ ഭാഷയില്‍ തന്നെ ബോധവത്കരണ നടപടികള്‍ കൈക്കൊള്ളും അദ്ദേഹം പറഞ്ഞു.
അതിനിടെ മഞ്ചേരി കാരക്കുന്നില്‍ ഒരു മുസ്ലീം സംഘടനയുടെ പ്രവര്‍ത്തകര്‍ തൊഴിലാളികളെ ക്വാര്‍ട്ടേഴ്‌സില്‍ ചെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസിന് പരാതി ലഭിച്ചു. മഞ്ചേരി കാരക്കുന്നിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ ഗ്രീന്‍ വാലിക്ക് സമീപം സെഞ്ച്വറി ഹോളോബ്രിക്‌സിലെ തൊഴിലാളികളെയാണ് വ്യാഴാഴ്ച രാത്രി ഭീഷണിപ്പെടുത്തിയത്. 20നുള്ളില്‍ നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് തൊഴിലാളികള്‍ അവരുടെ കരാറുകാരനെ ബന്ധപ്പെട്ട് പൊലീസില്‍ പരാതിനല്‍കി.
മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയതിനാല്‍ മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, മങ്കട പള്ളിപ്പുറം, മഞ്ചേരി പയ്യനാട് എന്നിവിടങ്ങളിലെ ചെങ്കല്‍ ക്വാറികള്‍ അടച്ചു
ശനിയാഴ്ചയും ഞായറാഴ്ചയും മലപ്പുറത്തുനിന്ന് കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് നൂറോളം പേരാണ് തിരുവനന്തപുരത്തെത്തിയത്. വെള്ളിയാഴ്ച 160 പേരും ശനിയാഴ്ച 135 പേരും ഞായറാഴ്ച 160 പേരും ട്രെയിനില്‍ റിസര്‍വ് ചെയ്ത് നാട്ടിലേക്ക് തിരിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിവരം ശേഖരിച്ചു. ജനറല്‍ കംപാര്‍ട്ടുമെന്റില്‍ യാത്രചെയ്യുന്നവരുടെയും ബസുകളില്‍ പോകുന്നവരുടെയും വിവരം പൊലീസിന് ലഭ്യമാവാത്തതിനാല്‍ കൃത്യമായ കണക്കില്ല.
ചെങ്കല്‍ ഖനം, ഹോട്ടലുകള്‍, സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍, നിര്‍മാണം എന്നീ മേഖലകളിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കൂടുതലുള്ളത്. അസം തൊഴിലാളികള്‍ മടങ്ങുന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി ഇന്റലിജന്‍സ്് എഡിജിപി ടി പി സെന്‍കുമാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല