ജോബി ആന്റണി
ഒരുവര്‍ഷമെങ്കിലും ഇക്വഡോര്‍ എംബസിയില്‍ കഴിയേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്നതായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. സ്വീഡനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസ് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അസാന്‍ജിന് അഭയംനല്കാന്‍ കഴിഞ്ഞദിവസമാണ് ഇക്വഡോര്‍ തീരുമാനിച്ചത്. ലണ്ടനിലെ ഇക്വഡോര്‍ എംബസില്‍ അസാന്‍ജ് അഭയംതേടി രണ്ടുമാസം പിന്നിടുമ്പോഴായിരുന്നു ഈ തീരുമാനം. ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ എംബസിയില്‍ കഴിയേണ്ടിവരുമെന്നാണ് പ്രതീക്ഷയെന്ന് അസാന്‍ജെ വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബലാത്സംഗകേസില്‍ അസാന്‍ജിനെ സ്വീഡന് കൈമാറുമെന്ന് വന്നപ്പോഴാണ് അദ്ദേഹം ഇക്വഡോര്‍ എംബസില്‍ അഭയം തേടിയത്.
അതേസമയം അസാന്‍ജിന്റെ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചതായി ഇക്വഡോര്‍ അറിയിച്ചു. പ്രശ്‌നത്തില്‍ ബ്രിട്ടനുമായി ഉടന്‍ അഭിപ്രായസമന്വേയത്തിലെത്താമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറയുന്നു. ലണ്ടനില്‍ ഹരോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിനരികില്‍ സ്ഥിതിചെയ്യുന്ന ഇക്വഡോര്‍ എംബസിക്ക് സമീപം, അസാന്‍ജിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധപാതയിലാണ്. വിക്കിലീക്‌സ് സ്ഥാപകന്റെ ചിത്രങ്ങളും ഇക്വഡോര്‍ പതാകളുമേന്തിയാണ് അവര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ അധികം അറിയപ്പെടാത്ത ഒരു പ്രത്യേകനിയമത്തിന്റെ സഹായത്തോടെ ഇക്വഡോര്‍ എംബസിയുടെ നയതന്ത്രപദവി ഒഴിവാക്കി അസാന്‍ജിനെ അറസ്റ്റുചെയ്യുമെന്ന്, ഇക്വഡോറിന്റെ തീരുമാനത്തിന് മുമ്പ് യുകെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജ് സ്ഥാപിച്ച വിക്കിലീക്‌സ് അമേരിക്കയുടെ രഹസ്യ നയതന്ത്രകേബില്‍ സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത് 2010 ലാണ്. തന്നെ സ്വീഡന് കൈമാറിയാല്‍, അവര്‍ തന്നെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുമെന്ന് അസാന്‍ജ് ഭയപ്പെടുന്നു.
പ്രഭാഷണം നടത്താനായി സ്‌റ്റോക്ക്‌ഹോമിലെത്തിയ വേളയില്‍ തങ്ങളെ ലൈംഗീകമായി അസാന്‍ജ് പീഡിപ്പിച്ചതായി, മുന്‍ വിക്കിലീക്‌സ് വോളണ്ടിയര്‍മാരായ രണ്ടു സ്ത്രീകള്‍ 2010 ല്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍, ഉഭയകക്ഷിസമ്മതപ്രകാരമാണ് താന്‍ അവരുമായി ബന്ധപ്പെട്ടതെന്നും, ബലാത്സംഗ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അസാന്‍ജ് വാദിക്കുന്നു. അമേരിക്കയുടെ കണ്ണിലെ കരടായ സമയത്താണ് അസാന്‍ജിനെതിരെ ഇത്തരം ആരോപണമുയര്‍ന്നത് എന്നകാര്യം ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല