സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. സഖ്യമായ മഹായുതി അധികാരത്തുടർച്ചയിലേക്ക്. വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി.യുടെ കരുത്തില്‍ 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇതില്‍ 125 സീറ്റുകളില്‍ ബി.ജെ.പി.യ്ക്കാണ് ലീഡ്. ശിവസേന ഏക്‌നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എന്‍.സി.പി. അജിത് പവാര്‍ വിഭാഗം 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ തീര്‍ത്തും മങ്ങിയതായിരുന്നു മഹാവികാസ് അഘാഡിയുടെ പ്രകടനം. ആദ്യമണിക്കൂറുകളില്‍ വെറും 60 സീറ്റുകളില്‍ മാത്രമാണ് മഹാവികാസ് അഘാഡിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എന്‍.സി.പി. ശരദ് പവാര്‍ 12 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.
ബി.ജെ.പി. സ്ഥാനാര്‍ഥികളായ ദേവേന്ദ്ര ഫഡ്‌നവീസ് നാഗ്പുര്‍ സൗത്ത് വെസ്റ്റിലും ശ്രീജയ ചവാന്‍ ബോഖറിലും ചന്ദ്രകാന്ത് പാട്ടീല്‍ കോത്രൂഡിലും നീതേഷ് റാണെ കങ്കാവാലിയിലും മുന്നിട്ടുനില്‍ക്കുകയാണ്. കോപ്രി പാച്ച്പഖഡിയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ബാരാമതിയില്‍ അജിത് പവാറും മുന്നിലാണ്. ശിവസേന ഉദ്ദവ് വിഭാഗം സ്ഥാനാര്‍ഥി ആദിത്യ താക്കറെ വര്‍ളിയില്‍ ലീഡ് ചെയ്യുന്നു.
അതേസമയം ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ നേരിട്ട തിരിച്ചടി മറികടന്ന് ഇന്ത്യ മുന്നണി അതിശക്തമായി തിരിച്ചുവരുന്നു. കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും ഉൾപ്പെട്ട സഖ്യം ഇപ്പോൾ 50 സീറ്റിൽ ലീഡ് ചെയ്യുന്നു. ആകെ 81 സീറ്റിൽ ലീഡ് നില അറിവാകുമ്പോൾ ബിജെപിയുടെ ലീഡ് 29 സീറ്റിലേക്ക് ചുരുങ്ങി.
ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച ഝാർഖണ്ഡിൽ ജെഎംഎം കോൺഗ്രസ് സഖ്യം കരുത്ത് തെളിയിച്ച് വീണ്ടും അധികാരത്തിലേക്ക്. ഇതോടെ സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മുന്നണി സംസ്ഥാനത്ത് തുടർ ഭരണത്തിലെത്തുകയാണ്. അഴിമതിക്കേസിൽ ജയിലിലടച്ച കേന്ദ്ര അന്വേഷണ ഏജൻസികളോടും ബിജെപിയോടുമുള്ള ഹേമന്ത് സോറന്റെ മധുര പ്രതികാരം കൂടിയായി തിരഞ്ഞെടുപ്പ്ഫലം.
സഖ്യകക്ഷികളെ ചേർത്തുപിടിച്ചും ആഴത്തിലുള്ള ഗോത്രവർഗ വേരുകളുള്ള സംസ്ഥാനത്ത് ആദിവാസികളുടെ അവകാശങ്ങൾ, ഭൂപരിഷ്‌കരണങ്ങൾ, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും പ്രചാരണം നടത്തിയതാണ് ജെഎംഎമ്മിനും ഇന്ത്യാമുന്നണിക്കും ആധികാരിക വിജയത്തിലെത്താൻ വഴി തുറന്നത്. കൽപന സോറന്റെ ജനപ്രീതിയും ഹേമന്ത് സോറൻ സർക്കാർ സ്ത്രീകൾക്കായി നടത്തിയ ക്ഷേമപദ്ധതികളും വോട്ടായി എന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ, ഹേമന്ദിന്റെ സഹോദരൻ ബസന്ത് സോറൻ, ഝാർഖണ്ഡിലെ പ്രഥമമുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, ബി.ജെ.പി. പാളയത്തിലെത്തിയ സീതാ സോറൻ, മുൻ മുഖ്യമന്ത്രി ചംപായ് സോറൻ തുടങ്ങിയ പ്രമുഖ സ്ഥാനാർഥികളിൽ സീതാ സോറനും ചംപായ് സോറന്റെ മകൻ ബാബുലാൽ സോറനും തിളങ്ങാനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല