1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട് സ്വദേശിനി. ബ്രിട്ടനിലെ ബർമിങ്ങാമിൽ കാസർകോട് നിന്നും കുടിയേറി താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമായ മുന ഷംസുദീനാണ് ചാൾസിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നത്.

കഴിഞ്ഞ വർഷമായിരുന്നു മുന ഷംസുദീന്റെ നിയമനം നടന്നത്. എന്നാൽ പ്രൈവറ്റ് സെക്രട്ടറി മലയാളിയാണെന്ന വിവരം ഇപ്പോഴാണ് വ്യാപകമായി പുറംലോകമറിഞ്ഞത്. മുന മുൻപ് ജറുസലേമിലെയും ഇസ്‌ലാമാബാദിലെയും ബ്രിട്ടിഷ് ഹൈക്കമ്മിഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ലണ്ടനിലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഡെവലപ്മെന്റ് ഓഫിസിൽ ജോലി ചെയ്ത് വരികയാണ് അഭിമാനകരമായ പുതിയ പദവിയിലേക്ക് എത്തിയത്. ഇതോടെ യുകെ മലയാളി സമൂഹത്തിനിടയിൽ താരമായി മാറിയിരിക്കുകയാണ് മുന ഷംസുദീൻ. നോട്ടിങ്ഹാം സർവകലാശാലയിൽ നിന്ന് മാത്തമാറ്റിക്സ് ആൻഡ് എഞ്ചിനീയറിങിൽ ബിരുദം നേടിയ ശേഷം ബ്രിട്ടിഷ് വിദേശകാര്യ സർവീസിൽ ചേരുകയായിരുന്നു മുന.

തുടർന്ന് ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി. ചാൾസ് രാജാവിന്റെ ദൈനംദിന പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മുന അടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിനാണ്. വിദേശ യാത്രകളിൽ രാജാവിനൊപ്പം സഞ്ചരിക്കുകയും വേണം.

കാസർകോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദീന്റെയും ഷഹനാസിന്റെയും മകളാണ് മുന. മുനയുടെ പിതാവ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകൻ ആയിരുന്ന പരേതനായ അഡ്വ. പി. അഹ്‌മദിന്റെയും സൈനബിയുടെയും മകനാണ്.

യുഎസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവർത്തിച്ച ഷംസുദീൻ ബ്രിട്ടനിലെ ബർമിങ്ങാമിൽ കുടുംബ സമേതം സ്ഥിരതാമസമാവുകയായിരുന്നു. കുട്ടിക്കാലത്ത് മുന കുടുംബാംഗങ്ങളോടൊപ്പം എല്ലാ വര്‍ഷവും കാസർകോട് വന്നിരുന്നു. ഏറ്റവുമൊടുവില്‍ 10 വര്‍ഷം മുന്‍പാണ് വന്നത്. യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡാണ് മുനയുടെ ഭര്‍ത്താവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.