1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2024

സ്വന്തം ലേഖകൻ: ഋഷി സുനകിന്റെ റുവാണ്ടന്‍ പദ്ധതി റദ്ദാക്കി, 1 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ക്ക് അഭയാര്‍ത്ഥി പദത്തിനുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്നലെ കീര്‍ സ്റ്റാര്‍മറിന്റെ വക്താവ് അറിയിച്ചു. നിലവില്‍ സ്വീകരിക്കുന്ന 1,02,000 അപേക്ഷകളില്‍ റുവാണ്ടയിലേക്ക് അയയ്ക്കുവാന്‍ തയ്യാറാക്കിയ 90,000 അഭയാര്‍ത്ഥികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചെറു യാനങ്ങളില്‍ കടല്‍ കടന്നെത്തുന്നവര്‍ക്ക് ഇനി മുതല്‍ അഭയാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കാന്‍ അവകാശമുണ്ടാകുമോ എന്ന ചോദ്യത്തിന്, പ്രക്രിയകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അതിനാല്‍ തന്നെ, നികുതിദായകരുടെ പണം മുടക്കി അഭയാര്‍ത്ഥികളെ സംരക്ഷിക്കേണ്ടതായി വരില്ല എന്നുമായിരുന്നു വക്താവിന്റെ മറുപടി.

സര്‍ കീര്‍ സ്റ്റാര്‍മര്‍ അധികാരമേറ്റതിനു ശേഷം ഇന്നലെയാണ് അനധികൃത അഭയാര്‍ത്ഥികളുമായി ആദ്യ ബോട്ട് ബ്രിട്ടീഷ് തീരമണഞ്ഞത്. ഈ വരുന്ന വേനല്‍ക്കാലം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും എന്ന് വക്താവ് സൂചിപ്പിക്കുകയും ചെയ്തു. അതേസമയം, അഭയത്തിനായി അപേക്ഷിക്കാന്‍ പോലും നിയമപ്രകാരം അര്‍ഹതയില്ലാത്ത 1 ലക്ഷത്തിലധികം പേര്‍ക്ക് അഭയം നല്‍കാന്‍ പോവുകയാണ് സര്‍ക്കാര്‍ എന്നായിരുന്നു ഷാഡോ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ആരോപിച്ചത്. അനധികൃത അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടന്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ ലേബര്‍ സര്‍ക്കാരിന് വെറും അഞ്ചു ദിവസങ്ങളെ വേണ്ടി വന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ മനുഷ്യക്കടത്ത് മാഫിയകള്‍ ആളുകളെ കൊണ്ടു വരുന്നത് തടയുവാനായി ഒരു പുതിയ യു കെ ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡ് ആരംഭിക്കുവാന്‍ ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഹോം സെക്രട്ടറിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഈ കമാന്‍ഡിലേക്ക് ആളുകളെ നിയമിക്കുന്ന പ്രക്രിയ അടുത്ത തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വരുന്ന ആഴ്ചകളില്‍ ഈ പുതിയ കമാന്‍ഡ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നും ഹോം ഓഫീസ് അറിയിച്ചു.

റുവാണ്ടന്‍ പദ്ധതി ഇല്ലാതായെന്ന് അറിയിച്ച സ്റ്റാര്‍മറുടെ വക്താവ്, ഈ പദ്ധതിക്ക് കീഴില്‍ ഇനി ഒരു വിമാനവും പറന്നുയരില്ല എന്നും വ്യക്തമാക്കി. രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ എന്നും വക്താവ് അറിയിച്ചു.ഇതിനായി മനുഷ്യക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് പഠിക്കുകയാണെന്നും വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.