സ്വന്തം ലേഖകന്‍: ചൈനയിലെ ടിയനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കൊന്നു തള്ളിയത് 10,000 പേരെയെന്ന് ബ്രിട്ടീഷ് രഹസ്യ രേഖ. ടിയനന്‍മെന്‍ സ്‌ക്വയറില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത് 10,000 പേരാണെന്ന് വെളിപ്പെടുത്തുന്ന രേഖയാണ് പുറത്തായത്. ഇതുവരെ കരുതപ്പെട്ടിരുന്നതിന്റെ പതിന്‍മടങ്ങാണ് രേഖപ്രകാരമുള്ള മരണസംഖ്യ.
കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1989ല്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു ബെയ്ജിങ്ങിലെ തെരുവിലിറങ്ങിയത്. ചത്വരത്തില്‍ ആറാഴ്ച നീണ്ട സ്വാതന്ത്യ്ര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 1989 ജൂണ്‍ നാലിനു നിരായുധരായ ആയിരക്കണിക്കിനു പേര്‍ക്കു നേരെ ടാങ്കുകളുമായി ചൈനീസ് പട്ടാളം ഇരച്ചു കയറുകയായിരുന്നു. മരണസംഖ്യ ചൈന ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്.
അന്ന് ചൈനയിലെ ബ്രിട്ടീഷ് സ്ഥാനപതിയായിരുന്ന അലന്‍ ഡൊണാള്‍ഡിനെ ഉദ്ധരിച്ചാണ് രഹസ്യ രേഖയിലെ വിവരങ്ങളുള്ളത്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈന സൈനിക നടപടി സ്വീകരിച്ചതിന് പിറ്റേന്ന് 10,000 പേര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി അലന്‍ ഡൊണാള്‍ഡ് ലണ്ടനിലെ അധികാരികള്‍ക്ക് ടെലഗ്രാം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നത്. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രേഖ പുറത്തുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല