1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2025

സ്വന്തം ലേഖകൻ: യുകെയിലെ ഭവന വിലകള്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശരാശരി പ്രോപ്പര്‍ട്ടി വില 299,138 പൗണ്ട് ആയാണ് ഉയര്‍ന്നത് . ഇത് ഭവന വില നിലവാരത്തിലെ റെക്കോര്‍ഡ് ആണെന്ന് ഹാലി ഫാക്സ് പറഞ്ഞു. ഡിസംബറില്‍ ഭവന വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ബജറ്റിലെ നിര്‍ദ്ദേശം അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി കൂടും. ഇതിനെ മുന്നില്‍ കണ്ട് കൂടുതല്‍ ആളുകള്‍ ഭവന വിപണിയില്‍ പ്രവേശിച്ചതാണ് വില കുതിച്ചുയരുന്നതിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ഈ വര്‍ഷം ഏപ്രിലില്‍ അവസാനിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ചിരുന്നു. വീട് വാങ്ങുന്നവര്‍ ഇപ്പോള്‍ 250,000 പൗണ്ടിന് പകരം 125,000 പൗണ്ടിന് മുകളിലുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതായി വരും.

നിലവില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 425,000 പൗണ്ട് വരെയുള്ള ഭവനങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല. എന്നാല്‍ ഈ വില പരിധി ഏപ്രില്‍ മാസം മുതല്‍ 300,000 പൗണ്ട് ആയി കുറയും. നിലവില്‍ വീട് വാങ്ങുന്നതിന് ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരുന്ന സ്ഥലം ലണ്ടനാണ്. ലണ്ടനില്‍ ശരാശരി നിലവില്‍ 548288 പൗണ്ട് ആണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.8 ശതമാനം വര്‍ദ്ധനവ് ആണ്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്ന് 4.50 ശതമാനമായി കുറച്ചിരുന്നു. പലിശ നിരക്ക് കുറച്ചത് കൂടുതല്‍ പേര്‍ ഭവന വിപണിയില്‍ പ്രവേശിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇത് വീണ്ടും ഭവന വില കുതിച്ചുയരുന്നതിന് കാരണമാകുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

നിലവില്‍ 2023 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വായ്പാ ചിലവുകള്‍. 2022 ലെ രണ്ടാം പകുതിയില്‍ 11 ശതമാനമായി ഉയര്‍ന്ന പണപെരുപ്പം പടിപടിയായി കുറഞ്ഞു വന്നതിനെ തുടര്‍ന്നാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2025 ലെ വളര്‍ച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .

എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പത്തിലെ വര്‍ധനയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.