1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2023

സ്വന്തം ലേഖകൻ: ഉമേഷ് പാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. രണ്ടോ മൂന്നോ പേര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതായാണ് വിവരം. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു.

പോലീസ് റിമാന്‍ഡിലിരിക്കെയാണ്‌ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി.യായ ഇയാള്‍ നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005-ല്‍ അന്നത്തെ ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

ഇവരെ കൊലപ്പെടുത്തിയ സംഘത്തിന്റെ തലവനാണ് മകന്‍ ആസാദെന്നാണ് പോലീസ് പറയുന്നത്. അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്റഫ്, ആസാദ്, ഗുലാം എന്നിവരുടെപേരില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ കൊലപാതകത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ ജൂഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.