അറ്റ്‌ലസ് ജ്വല്ലറിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. വായ്പകള്‍ പൂര്‍ണമായി അടച്ചു തീര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പ് ബാങ്കുകളോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എം രാമചന്ദ്രനെയും മകളെയും പൊലീസ് കസ്റ്റഡിയില്‍നിന്നും ഇറക്കാന്‍ ബാങ്കുകളുടെ സഹായം വേണമെന്നിരിക്കെ ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ബാങ്കുകള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കാമെന്ന് അറ്റ്‌ലസ് ഗ്രൂപ്പ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു.
യുഎഇയിലെ 15 പ്രമുഖ ബാങ്കുകളില്‍നിന്നായി 550 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 990 കോടി രൂപ) അറ്റലസ് ഗ്രൂപ്പ് വായ്പയെടുത്തിട്ടുണ്ട്. പ്രധാനമായും മൂന്നു വഴികളാണ് അറ്റലസിന് മുന്നില്‍ ഉള്ളത് :-
1. ബംഗളുരു, ചെന്നൈ, കേരളം എന്നിവടങ്ങളില്‍ അറ്റ്‌ലസ് ജ്വല്ലറി ഉടമസ്ഥതയിലുള്ള ചില പ്രധാന സ്ഥലങ്ങള്‍ വില്‍ക്കുക. കോടികള്‍ വിലവരുന്ന കണ്ണായ സ്ഥലങ്ങളാണ് ഇവയെല്ലാം. അറ്റ്‌ലസ് ജ്വല്ലറിക്കു സാമ്പത്തിക പ്രയാസത്തിനു കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നതു തന്നെ ഈ സ്ഥലങ്ങള്‍ വാങ്ങലായിരുന്നു. ഇവ വില്‍ക്കുകയോ ബാങ്കുകള്‍ക്ക് ഈടു നല്‍കുകയോ ചെയ്യാം.
2. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ റൂവിയിലുള്ള വന്‍കിട ആശുപത്രി വില്‍പ്പന. കോടികണക്കിന് വിലവരുന്ന ഈ ആശുപത്രി ഗ്രൂപ്പിന്റെ ഏറ്റവും ലാഭമുണ്ടാക്കുന്ന സ്ഥാപനമാണ്.
3. യുഎഇയില്‍ ഒഴികെ സൗദി, ഖത്തര്‍, കുവൈത്ത് എന്നിവടങ്ങളിലെ ഷോറൂമുകള്‍ വില്‍ക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല