സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തെ എടിഎമ്മുകളില്‍ സിനിമാ സ്റ്റൈല്‍ തട്ടിപ്പ്, അക്കൗണ്ടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. അമ്പതോളം ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
‘റോബിന്‍ഹുഡ്’ സിനിമയുടെ മാതൃകയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എ.ടി.എം സെന്ററുകള്‍ക്ക് ഉള്ളില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന് നമ്പര്‍ ചോര്‍ത്തിയാണ് പണം ചോര്‍ത്തിയത്. പോലീസിന്റെ പരിശോധനയില്‍ എ.ടി.എം മെഷീനു മുകളില്‍ സ്ഥാപിച്ച ഉപകരണത്തിലൂടെ എ.ടി.എം കാര്‍ഡിലെ നമ്പറും പിന്‍നമ്പറും ചോര്‍ത്തി എടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
മുംബൈയിലെ വറോളിയില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചതോടെയാണ് ഇടപാടുകാര്‍ നെറ്റ് ബാങ്കിംഗ് വഴി നടത്തിയ അന്വേഷണത്തില്‍ വറോളിയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.10 നു ശേഷം എല്ലാവര്ക്കും ഒരേ സമയത്താണ് പണം നഷ്ടമായിരിക്കുന്നത്. എസ്.ബി.ടി ബാങ്ക് കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മിലാണ് ഇലക്ട്രോണിക് ഉപകരണം ഒളിപ്പിച്ച് വച്ച് എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല