സ്വന്തം ലേഖകന്‍: രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി സംശയം, രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി ബാങ്കുകള്‍. എടിഎം കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയില്‍ നിന്നും വിവരങ്ങള്‍ ചോരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് എസ്.ബി.ടിഎസ്.ബി.ഐ എന്നീ ബാങ്കുകള്‍ ഉള്‍പ്പടെ കൂടുതല്‍ ബാങ്കുകള്‍ ഈ നടപടിയിലേയ്ക്ക് നീങ്ങിയത്.
സാധാരണ നിലയില്‍ എടിഎം ബ്ലോക്കായാല്‍ എസ്.എം.എസ് ആയോ ഇമെയിലാമയാ ബാങ്കുകള്‍ ഉപഭോക്താക്കളെ വിവരം അറിയിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ പണം പിന്‍വലിക്കാനായി എ.ടി.എമ്മില്‍ എത്തുമ്പോള്‍ മാത്രമാണ് കാര്‍ഡ് ബ്ലോക്കായ വിവരം ആളുകള്‍ അറിയുന്നത്.
എസ്.ബി.ഐ, എസ്.ബി.ഐ അസോസിയേറ്റഡ് ബാങ്കുകള്‍, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, യേസ്ബാങ്ക് എന്നീ ബാങ്കുകളാണ് സുരക്ഷാ പാളിച്ചയെ തുടര്‍ന്ന് തങ്ങളുടെ എ.ടി.എം/ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. 26 ലക്ഷം വിസ/മാസ്റ്റര്‍ കാര്‍ഡുകളും ആറ് ലക്ഷം റുപേ കാര്‍ഡുകളും ബ്ലോക്ക് ചെയ്തതായാണ് വിവരം. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ എത്രയുംവേഗം പിന്‍കോഡ് മാറ്റണമെന്ന് ബാങ്കുകള്‍ നിര്‍ദേശിച്ചു.
യെസ് ബാങ്കിന്റെ എ.ടി.എം കൈകാര്യം ചെയ്യുന്ന ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വിസസ് കമ്പനിയുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിലുണ്ടായ മാല്‍വെയറാണ് (ദുഷ്‌പ്രോഗ്രാം) ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് കാരണമായി കരുതുന്നത്. ബാങ്കുകളുടെ എ.ടി.എം സംവിധാനം പരിപാലിക്കുന്ന സര്‍വിസ് കമ്പനികളില്‍ ഒന്നാണ് ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വിസസ്. ഇവരുടെ മെഷീനുകളില്‍ ഇടപാട് നടത്തിയവരുടെ കാര്‍ഡുകളാണ് സംശയത്തിന്റെ നിഴലില്‍. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുക്കല്‍, പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍ തുടങ്ങിയക്ക് ഹിറ്റാച്ചി സേവനം നല്‍കുന്ന എ.ടി.എം മെഷീനുകളില്‍ കാര്‍ഡ് ഉപയോഗിച്ചവരുടെ വിവരങ്ങള്‍ വൈറസ് ചോര്‍ത്തിയെന്നാണ് കരുതുന്നത്.
എന്നാല്‍, ഹിറ്റാച്ചി കമ്പനി ഇത് നിഷേധിച്ചു. തങ്ങളുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ തകരാര്‍ സംഭവിച്ചിട്ടില്‌ളെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടത്തെിയതായി അവര്‍ അറിയിച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് പുറം ഏജന്‍സികളെ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ യെസ് ബാങ്ക് മേധാവി റാണ കപൂര്‍ പക്ഷേ, സുരക്ഷാപ്രശ്‌നങ്ങളില്‍ നിശ്ശബ്ദത പാലിച്ചു.
സ്റ്റേറ്റ് ബാങ്ക് ആറ് ലക്ഷത്തിലേറെ കാര്‍ഡുകള്‍ തിരിച്ചുവിളിച്ചപ്പോള്‍ ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവ അവരുടെ നിരവധി ഉപഭോക്താക്കള്‍ക്ക് കാര്‍ഡുകള്‍ മാറ്റിനല്‍കി. എച്ച്.ഡി.എഫ്.സി ബാങ്ക് അവരുടെ എ.ടി.എം തന്നെ ഉപയോഗിക്കണമെന്നാണ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വൈറസ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്ന് രഹസ്യ നമ്പര്‍ മാറ്റാന്‍ നിര്‍ദേശിച്ചിട്ടും ഉപഭോക്താക്കള്‍ മാറ്റാത്തതിനാലാണ് കാര്‍ഡ് റദ്ദാക്കിയതെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. അതത് ബാങ്കുകളില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കാനാണ് കാര്‍ഡുടമകള്‍ക്കുള്ള നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല