സ്വന്തം ലേഖകന്‍: ട്രംപിന്റെ മുഖംമൂടി അണിഞ്ഞ് എത്തിയ കള്ളന്മാര്‍ ഇറ്റലിയില്‍ അടിച്ചുമാറ്റിയത് ഒരു ലക്ഷം യൂറോ. 20 എടിഎമ്മുകളില്‍നിന്നാണ് ഇവര്‍ ഇത്രയും പണം മോഷ്ടിച്ചത്. സംഭവം നടന്ന് അധികം വൈകാതെ ഇവരെ പൊലീസ് പിടികൂടിയതാണ് റിപ്പോര്‍ട്ടുകള്‍.
സിസിടിവി ക്യാമറകളിലാണ് ട്രംപിന്റെ മുഖംമൂടിയണിഞ്ഞ മോഷ്ടാക്കളുടെ മുഖം പതിഞ്ഞത്. വടക്കന്‍ ഇറ്റലിയിലെ ട്യൂറിനടത്തുള്ള ക്യാഷ് മെഷിനുകളും ഇവര്‍ ലക്ഷ്യം വെച്ചിരുന്നതായി പോലീസ് പറഞ്ഞു. സിനിമകളില്‍ നിന്ന് പ്രചേദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തിലുള്ള മോഷണത്തിന് മോഷ്ടാക്കള്‍ തയ്യാറെടുത്തത്. സിനിമകളില്‍ കാണുന്നതുപോലെ തന്നെ കാറിന്റെ നിറവും ഇവര്‍ മാറ്റിയിരുന്നതായി പോലീസ് പറഞ്ഞു.
1991ല്‍ പുറത്തിറങ്ങിയ ‘പോയിന്റ് ബ്രേക്ക്’ എന്ന ഹോളിവുഡ് സിനിമയ്ക്കു സമാനമായ രീതിയിലാണു മോഷണം. സിനിമയില്‍ യുഎസ് പ്രസിഡന്റുമാരുടെ മുഖംമൂടിയണിഞ്ഞാണ് ബാങ്ക് മോഷണം നടത്തുന്നത്. 1997ല്‍ പുറത്തിറങ്ങിയ ‘ജക്കാള്‍’ എന്ന ചിത്രത്തിലേതു പോലെ മോഷ്ടാക്കള്‍ കാറിന്റെ നിറവും മാറ്റിയിരുന്നു.
വെള്ള മെഴ്‌സിഡസ് കാറിന് കറുത്ത പെയിന്റടിച്ചാണ് സഹോദരങ്ങള്‍ മോഷണത്തിനിറങ്ങിയത്. 2001ല്‍ മോഷണശ്രമത്തിനിടെ ഒരു ബിസിനസുകാരനെ കൊന്നതിനു ജയില്‍ശിക്ഷ അനുഭവിക്കുന്നയാളുടെ മക്കളാണ് പിടിയിലായത്. കള്ളന്മാരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല