സ്വന്തം ലേഖകന്‍: എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ നീക്കി റിസര്‍വ് ബാങ്ക്. ഒപ്പം കറന്റ് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കി. എന്നാല്‍ സേവിംഗ്സ് ബാങ്ക് (എസ്ബി) അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കാനുള്ള പരിധി (ആഴ്ചയില്‍ 24000 രൂപ) മാറ്റിയില്ല. അതും താമസിയാതെ മാറ്റുമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു.
എടിഎമ്മുകളിലെ പരിധി നീക്കം ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ ബാങ്കും കാര്‍ഡിനു വച്ചിട്ടുള്ള പ്രതിദിനപരിധി മാത്രമാണ് ഇനി ബാധകമാകുക. ആഴ്ചയിലെ പരിധി എസ്ബി അക്കൗണ്ടുകളില്‍ 24000 രൂപയായി തുടരും. കറന്റ് അക്കൗണ്ട് പരിധി നീക്കിയത് വ്യാപാരി വ്യവസായികള്‍ക്കും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആശ്വാസമാകും. സേവിംഗ്സ് ബാങ്കില്‍ നിന്നു പിന്‍വലിക്കാനുള്ള പരിധി ഏതാനും ദിവസം കഴിയുമ്പോള്‍ നീക്കും.
ജനങ്ങള്‍ കൂട്ടമായി ഓടിച്ചെന്ന് പണം പിന്‍വലിക്കുമോ എന്ന ഭീതി ഇനിയും റിസര്‍വ് ബാങ്കിനുണ്ട്. എടിഎം വഴി പിന്‍വലിക്കാനുള്ള പരിധി നീക്കിക്കഴിയുമ്പോള്‍ ജനങ്ങള്‍ എങ്ങനെ പെരുമാറും എന്നതു നോക്കിയിട്ടേ എസ്ബിയിലെ പണം പിന്‍വലിക്കാനുള്ള നിയന്ത്രണം നീക്കു. കറന്റ് അക്കൗണ്ടുകള്‍ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആയതുകൊണ്ട് അനാവശ്യമായി പണം പിന്‍വലിക്കും എന്നു റിസര്‍വ് ബാങ്ക് കരുതുന്നില്ല. ഇതുവരെ അവര്‍ക്ക് ആഴ്ചയില്‍ ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാമായിരുന്നു.
നവംബര്‍ എട്ടിന് 500 രൂപ, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതുമുതല്‍ ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. മൂന്നുമാസം തികയുമ്പോഴാണ് കറന്റ് അക്കൗണ്ടുകളില്‍ നിന്നുള്ള പിന്‍വലിക്കല്‍ നിയന്ത്രണരഹിതമായത്. ഇന്നു പാര്‍ലമെന്റ് ചേരുന്ന സാഹചര്യത്തിലാണ് ഇള വവുകള് പ്രഖ്യാപിച്ചത്.
രാജ്യത്തു പ്രചാരത്തിലിരുന്ന 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയില്‍ 15.44 ലക്ഷം കോടി രൂപയുടെ കറന്‍സിയാണു പിന്‍വലിച്ചത്. ഇവയ്ക്കു പകരം 2000 രൂപയുടെയും 500 രൂപയുടെയും കറന്‍സികള്‍ ഇറക്കി. ജനുവരി 13 വരെ ഏഴുലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയിലെത്തിയതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല