![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-07-170756-640x401.png)
സ്വന്തം ലേഖകൻ: സ്വവര്‍ഗാനുരാഗികളായ തങ്ങളുടെ അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്)യ്ക്ക് ലഭിച്ച രഹസ്യരേഖകളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്വവര്‍ഗാനുരാഗികളായ ഹമാസ് അംഗങ്ങള്‍ ബന്ദിക്കളാക്കിയ ഇസ്രയേലി പുരുഷന്മാരെ ബലാത്സംഗംചെയ്തതായും വെളിപ്പെടുത്തലുണ്ട്.
‘സദാചാര പരിശോധന’യില്‍ ഹമാസിലെ 94 അംഗങ്ങള്‍ പരാജയപ്പെട്ടതായാണ് രഹസ്യരേഖയില്‍ പറയുന്നത്. സ്വവര്‍ഗലൈംഗികബന്ധം, നിയമാനുസൃതമായി ബന്ധമില്ലാത്ത സ്ത്രീകളുമായുള്ള ബന്ധം, കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ കണ്ടെത്തിയത്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെട്ട ഭൂരിഭാഗംപേരും ഹമാസിന്റെ ഇന്റലിജന്‍സ്, ആഭ്യന്തര മന്ത്രാലയം, സൈനിക വിഭാഗങ്ങളിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വവര്‍ഗാനുരാഗം ഗാസയില്‍ നിയമവിരുദ്ധമാണ്. സ്വവര്‍ഗാനുരാഗികള്‍ക്ക് ജയില്‍ശിക്ഷയോ വധശിക്ഷയോ നല്‍കണമെന്നതാണ് ഗാസയിലെ നിയമം. 2012 മുതല്‍ 2019 വരെയുള്ള കാലയളവിനിടെ സ്വവര്‍ഗാനുരാഗികളായ ഹമാസ് അംഗങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അജ്ഞാതകേന്ദ്രങ്ങളില്‍നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.
2016-ല്‍ ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറായ മഹ്‌മൂദ് ഇഷ്താവിയെ സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റൊരു പുരുഷനുമായി മഹ്‌മൂദിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇയാള്‍ ഇസ്രയേല്‍ ചാരനാണെന്നും ഹമാസ് ആരോപിച്ചിരുന്നു. ഏകദേശം ഒരുവര്‍ഷത്തോളം നീണ്ട ക്രൂരമായ പീഡനത്തിന് ശേഷമാണ് മഹ്‌മൂദിനെ ഹമാസ് പിന്നീട് വധിച്ചതെന്നും രേഖകളില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പ്രണയത്തിന്റെ പേരിലാണ് അംഗമായ ഒരാള്‍ക്കെതിരേ നടപടിയെടുത്തത്. ഫെയ്‌സ്ബുക്ക് വഴി പ്രണയബന്ധമുണ്ടെന്നും ഒരിക്കലും പ്രാര്‍ഥിച്ചിരുന്നില്ലെന്നുമാണ് ഇയാള്‍ക്കെതിരേ കണ്ടെത്തിയിരുന്ന കുറ്റം. ധാര്‍മികമായി വ്യതിചലിച്ചെന്നും ഇയാളെക്കുറിച്ച് രേഖയില്‍ പരാമര്‍ശിച്ചിരുന്നു. ദൈവത്തെ നിരന്തരം ശപിക്കുകയും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതാണ് മറ്റൊരാള്‍ക്കെതിരേ ചുമത്തിയ കുറ്റമെന്നും രേഖകളില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല