സ്വന്തം ലേഖകൻ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഫൈസലാബാദിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ച സംഭവത്തിൽ നൂറിലേറെപ്പേർ അറസ്റ്റിലായി. ഉന്നതതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. ജരൻവാലയിലെ 21 ക്രിസ്ത്യൻ പള്ളികൾക്കും പാസ്റ്ററുടേത് അടക്കം 35 വീടുകൾക്കും നേരെ ബുധനാഴ്ചയാണ് ആക്രമണവും തീവയ്പുമുണ്ടായത്.
തീവ്രനിലപാടുകാരായ തെഹ്രികെ ലബൈക്ക് പാക്കിസ്ഥാൻ (ടിഎൽപി) പ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. തീവ്രവാദം, മതനിന്ദ എന്നീ കുറ്റങ്ങൾ ചുമത്തി 600 പേർക്കെതിരെ കേസെടുത്തു. മേഖലയിൽ മൂവായിരത്തിലധികം പൊലീസുകാരെയും 2 കമ്പനി സൈന്യത്തെയും വിന്യസിച്ചു. ഒരാഴ്ചത്തേക്കു നിരോധനാജ്ഞയും ഏർപ്പെടുത്തി.
മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, തലസ്ഥാനമായ ഇസ്ലാമാബാദിൽ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി പൊലീസ് 70 അംഗ പ്രത്യേകസംഘം രൂപീകരിച്ചു. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കണമെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല