സ്വന്തം ലേഖകൻ: ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാൻസിൽ ആക്രമണം. ഫ്രാന്‍സിലെ അതിവേഗ റെയിൽ ശൃംഖലയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ ഭൂരിഭാഗം മേഖലകളിലെ റെയില്‍ ഗതാഗതം താറുമാറായി.
റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പല മേഖലകളിലും ഇതേ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതർ യാത്രക്കാര്‍ക്ക് നല്‍കി. തകരാർ പൂർണമായി പരിഹരിക്കാന്‍ ഓരാഴ്ചയോളം എടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം.
വടക്ക് ലില്ലെ, പടിഞ്ഞാറ് ബോർഡോക്സ്, കിഴക്ക് സ്ട്രാസ്ബർഗ് തുടങ്ങി പാരീസുമായി ബന്ധിപ്പിക്കുന്ന ലൈനുകളാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേ ഓപ്പറേറ്റർ എസ്എൻസിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
ഉദ്ഘാടനത്തിന്റെ മണിക്കൂറുകള്‍ക്ക് മാത്രം മുന്നെ, കായിക താരങ്ങളും കാണികളും ഒളിമ്പിക്‌സ് ലക്ഷ്യംവെച്ച് യാത്ര നടത്തുന്ന നിര്‍ണായക സമയംകൂടിയാണിത്. ഈ സമയത്ത് നടക്കുന്ന ആക്രമണം ഒളിമ്പിക് ഗെയിംസിന്റെ വിവിധ പരിപാടികളിലേക്കുള്ള പ്രവേശനം സങ്കീര്‍ണമാക്കിയേക്കും.
എട്ട് ലക്ഷത്തോളം പേരുടെ യാത്രകളും തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടുവെന്നും അവയില്‍ത്തന്നെ പലതും റദ്ദാക്കേണ്ടി വന്നേക്കാമെന്നും എസ്എന്‍സിഎഫ് പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല