സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫുട്‌ബോള്‍ ടീം ബസിനുനേരെ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഒരാള്‍ പിടിയില്‍. ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേര്‍ക്കുണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാള്‍ക്ക് ഐഎസ്‌സുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നടന്നത് ഭീകരാക്രമണമായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ആക്രമണത്തിനു പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവ സ്ഥലത്തുനിന്നും പോലീസിന് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു. സിറിയയില്‍ ഐഎസ്‌സിനെതിരെയുള്ള സൈനിക നടപടിയില്‍ ജര്‍മന്‍ സൈന്യത്തിന്റെ പങ്കാളിത്തമാണ് ആക്രമണത്തിനു കാരണമെന്ന് കത്തില്‍ പറ!യുന്നു.
എന്നാല്‍ യഥാര്‍ഥ കുറ്റവാളിയില്‍നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രമാണോ കത്ത് എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ജര്‍മന്‍ ഭാഷയിലെഴുതിയ കത്ത് ആരംഭിക്കുന്നത് അള്ളാഹുവിന്റെ നാമത്തില്‍ എന്നാണ്. സംഭവത്തിനുപിന്നില്‍ രണ്ടു പേരാണെന്നാണ് പോലീസ് കരുതുന്നത്. ഇതില്‍ ഒരാളെയാണ് പിടികൂടിയിരിക്കുന്നത്. ഇവരുടെ താമസസ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
ആക്രമണത്തെ ഫിഫാ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയും യുവേഫ പ്രസിഡന്‍്‌റ് അലക്‌സാണ്ടര്‍ സെഫ്‌റീനും അപലപിച്ചു. ചൊവ്വാഴ്ചയായിരുന്നു ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ടീം ബസിനു സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ സ്പാനിഷ് താരം മാര്‍ക് ബാര്‍ത്രയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബത്രയുടെ കൈക്കുഴയിലെ എല്ല് പൊട്ടിയിട്ടുണ്ട്. ഹോട്ടലിനു സമീപത്തു നിന്ന് ടീം ബസ് സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ഉടനെ തുടരെ മൂന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഡോര്‍ട്ട്മുണ്ട് ക്ലബും പോലീസും സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല