സ്വന്തം ലേഖകന്‍: സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് ലൊക്കേഷനില്‍ ക്രൂര മര്‍ദ്ദനം, മുടി വലിച്ചു പറിച്ചും വസ്ത്രം വലിച്ചു കീറിയും ആക്രമികള്‍. ജയ്പൂരില്‍ വച്ച് ചിത്രീകരണം നടക്കുന്ന ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിയുടെ ചിത്രീകരണത്തിനിടെയാണ് ആക്രമണം. ‘രജ്പുത് കര്‍നി സേന’യാണ് സഞ്ജയിനെയും സംഘത്തേയും ആക്രമിച്ചത്.
രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ ലൊക്കേഷന്‍ വളഞ്ഞത്. തുടര്‍ന്ന് പ്രക്ഷോഭകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.ജയ്പൂരിലെ ജയ്ഗഡ് കോട്ടയിലെ ചിത്രീകരണ വേളയിലായിരുന്നു സംഭവം.
സഞ്ജയ് ലീല ബന്‍സാലിയുടെ മുടിയില്‍ പിടിച്ച് വലിച്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തെ അടിക്കുകയും ചെയ്തു. റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പത്മാവതി അഭിമാനിയായ ഒരു ധീരവനിതയായിരുന്നു. ഖില്‍ജിക്ക് മുന്നില്‍ അവര്‍ ഒരിക്കലും കീഴടങ്ങില്ല. ചിത്തോര്‍ഗഢ് കോട്ട ഖില്‍ജി ആക്രമിച്ചപ്പോള്‍ ജൗഹര്‍ (മധ്യകാലഇന്‍ഡ്യയിലെ രജപുത്ര സ്ത്രീകള്‍ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹര്‍) അനുഷ്ഠിക്കുകയാണ് ചെയ്തത് കര്‍ണി സേന പറയുന്നു.
മേവാറിലെ ഭരണാധികാരിയായിരുന്ന റാണ റാവല്‍ രത്തന്‍ സിംഗിന്റ ഭാര്യയായിരുന്നു റാണി പദ്മാവതി. പദ്മാവതിയെ സ്വന്തമാക്കാനെന്ന ഉദ്ദേശത്തോടെ ഡല്ഹി സുല്‍ത്താന്‍ ആയിരുന്ന അലാവുദ്ദിന്‍ ഖില്‍ജി നടത്തുന്ന ആക്രമണമാണ് ബന്‍സാലിയുടെ ചിത്രത്തിന്റെ കേന്ദ്ര പ്രമേയമെന്നാണ് സൂചന.
ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പത്മാവതിയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 2017 നവംബര്‍ 17 ന് ചിത്രം പുറത്തിറങ്ങും. ഈ വര്‍ഷം നവംബറില്‍ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല