സ്വന്തം ലേഖകൻ: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പെടെ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് 13 പേര്‍ക്കാണ് കഠിന തടവ് വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 13 പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ 16ാം പ്രതിയായ മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു.
കേസിലെ രണ്ട് പ്രതികളെ വിട്ടയച്ചിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരല്‍, മര്‍ദനം തുടങ്ങിയവയ്ക്കു പുറമെ പട്ടികജാതി- വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചു പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. മണ്ണാര്‍ക്കാട് എസ്.സി/ എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു, 16-ാം പ്രതി മുനീർ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതെ വിട്ടു.13 പ്രതികൾക്കെതിരായ നരഹത്യാക്കുറ്റവും അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കി.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധു (27) ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. മുക്കാലി കവലയിലെ കടയിൽ നിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടം മധുവിനെ മർദിച്ചത്. കാട്ടിൽ മരക്കൂട്ടം ശേഖരിക്കാൻ പോയ ആൾ മധുവിനെ കണ്ടതോടെ ആളുകളെ വിളിച്ചുവരുത്തി. തുടർന്നാണ് 12 അംഗം സംഘം മധുവിനെ ചോദ്യം ചെയ്തതും അതിക്രൂരമായി മർദിച്ചതും. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയും സെൽഫിയെടുത്തും പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കൈകൾ ബന്ധിച്ചു മധുവിനെ മുക്കാലി കവലയിലേക്കു എത്തിച്ചു പരസ്യ വിചാരണ നടത്തി. പോലീസിനെ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഈ സമയം മധു മർദനമേറ്റ് അവശനിലയിലായിരുന്നു. പോലീസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജീപ്പിൽവെച്ചു മധു ഛർദിച്ചു.
പിന്നാലെ കുഴഞ്ഞുവീഴുകയും ചെയ്തു. അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മധുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവവും തലയ്ക്കേറ്റ പരിക്കുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മധുവിൻ്റെ ശരീരത്തിൽ 42 മുറിവുകളും കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല