സ്വന്തം ലേഖകൻ: വൈറ്റ് ഹൗസിൽ ട്രക്ക് ഇടിപ്പിച്ച് ആക്രമണം നടത്താൻ ശ്രമിച്ച ഇന്ത്യൻ പൗരൻ സായ് വർഷിത് കണ്ടുലയ്ക്ക് (20) എട്ട് വർഷം തടവ് ശിക്ഷ. 2023 മേയ് 22നാണ് കണ്ടുല വാടകയ്‌ക്കെടുത്ത ട്രക്ക് ഉപയോഗിച്ച് വൈറ്റ് ഹൗസിൽ ഇടിപ്പിക്കാൻ ശ്രമിച്ചത്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ ഗവൺമെന്‍റിനെ അട്ടിമറിച്ച് നാസി പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ഏകാധിപത്യ രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു കണ്ടുലയുടെ ലക്ഷ്യമെന്ന് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് പറഞ്ഞു.2024 മേയ് 13ന് കണ്ടുല കുറ്റം സമ്മതിച്ചിരുന്നു. ഇന്ത്യയിലെ ചന്ദനഗറിൽ ജനിച്ച കണ്ടുല അമേരിക്കയിൽ സ്ഥിര താമസത്തിന് അർഹതയുള്ള വ്യക്തിയാണ്.
2023 മേയ് 22ന് ഉച്ചതിരിഞ്ഞ് മിസോറിയിലെ സെന്‍റ് ലൂയിസിൽ നിന്ന് വാഷിങ്‌ടൻ ഡിസിയിലേക്ക് വിമാനത്തിലാണ് കണ്ടുല വന്നത്. വൈകുന്നേരം 6:30ന് ഒരു ട്രക്ക് വാടകയ്‌ക്കെടുത്തു. രാത്രി 9:35ന് വൈറ്റ് ഹൗസിനെയും പ്രസിഡന്‍റിന്‍റെ പാർക്കിനെയും സംരക്ഷിക്കുന്ന ബാരിക്കേഡുകളിൽ ഇടിച്ചു കയറുകയായിരുന്നു.
ട്രക്ക് ബാരിക്കേഡുകളിൽ ഇടിച്ച ശേഷം റിവേഴ്‌സിൽ എടുത്ത് വീണ്ടും ബാരിക്കേഡുകളിൽ ഇടിച്ചു. രണ്ടാമത്തെ ഇടിയുടെ ആഘാതത്തിൽ ട്രക്ക് പ്രവർത്തനരഹിതമായി. തുടർന്ന് കണ്ടുല വാഹനത്തിൽ നിന്ന് ഇറങ്ങി ട്രക്കിന്‍റെ പിന്നിലേക്ക് പോയി. ഒരു ബാക്ക്‌പാക്കിൽ നിന്ന് ഒരു ബാനർ പുറത്തെടുത്തു. നടുവിൽ നാസി സ്വസ്തിക ചിഹ്നമുള്ള ചുവപ്പും വെളുപ്പും നിറമുള്ളതായിരുന്നു ബാനർ. യുഎസ് പാർക്ക് പൊലീസും യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും ചേർന്ന് കണ്ടുലയെ അറസ്റ്റ് ചെയ്തു.
വൈറ്റ് ഹൗസ് പരിധിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സമയത്ത്, രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാൻ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലായിരുന്നു കണ്ടുല എന്ന് കോടതി രേഖകൾ പറയുന്നു.
“ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്‍റിനെ അട്ടിമറിച്ച് നാസി ജർമനിയുടെ പ്രത്യയശാസ്ത്രത്തിലുള്ള ഏകാധിപത്യം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനും സ്വയം യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ചുമതലയേൽപ്പിക്കാനുമായിരുന്നു കണ്ടുലയുടെ ഉദ്ദേശ്യം.
തന്‍റെ ലക്ഷ്യം നേടുന്നതിന് ആവശ്യമെങ്കിൽ യുഎസ് പ്രസിഡന്‍റിന്‍റെയും മറ്റുള്ളവരുടെയും കൊലപാതകം എന്നിവയും ലക്ഷ്യമിട്ടിരുന്നതായി കണ്ടുല അന്വേഷണ സംഘത്തോട് സമ്മതിച്ചു” എന്നാണ് കോടതി രേഖകൾ പറയുന്നത്. നാഷനൽ പാർക്ക് സർവീസിന് 4,322 യുഎസ് ഡോളറിന്‍റെ നാശനഷ്ടമുണ്ടാക്കിയതായി ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല