സ്വന്തം ലേഖകൻ: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കിയ മൂന്നാം ഫിംഗര്‍ പ്രിന്റ് ഹാജര്‍ സമ്പ്രദായം പിന്‍വലിക്കണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷന്റെ തലവനും ആരോഗ്യ മന്ത്രാലയത്തിലെ തൊഴിലാളി യൂണിയന് നേതാവുമായ ഹുസൈന് അല്‍ അസ്മി, പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹിനോട് അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തു നിന്ന് വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ നിര്‍ബന്ധിത മൂന്നാം ഹാജര്‍ വിരലടയാളം സംബന്ധിച്ച സിവില്‍ സര്‍വീസ് കമ്മീഷന്റെ 9/2024 നമ്പര്‍ സര്‍ക്കുലര്‍ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ വിരലടയാള ഹാജര്‍ സമ്പ്രദായം ഓഫീസുകളുടെ പ്രവര്‍ത്തന പുരോഗതിക്കും വിജയത്തിനും ഒരു തരത്തിലുള്ള സംഭാവനയും നല്‍കില്ലെന്നും ഔദ്യോഗിക പ്രവൃത്തി സമയത്തോടുള്ള ജീവനക്കാരുടെ പ്രതിബദ്ധത അത് ഉറപ്പുനല്കില്ലെന്നും അല്‍ അസ്മി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. എന്നു മാത്രമല്ല, ഈ തീരുമാനം മെഡിക്കല്‍, ടെക്നിക്കല്‍ മേഖലകളിലെ ജീവനക്കാരില്‍ ആശയക്കുഴപ്പത്തിനും അസംതൃപ്തിക്കും കാരണമായതായും അദ്ദേഹം പറഞ്ഞു. ജോലിസ്ഥലത്തെ അന്തരീക്ഷത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുപകരം ജീവനക്കാരുടെ അര്‍പ്പണബോധത്തിലൂടെയും മികച്ച പ്രകടനത്തിലൂടെയും മാത്രമേ മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമങ്ങളും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചത് കൊണ്ട് ജീവനക്കാരുടെ ജോലിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനാവില്ല. മാത്രമല്ല, നല്ല രീതിയില്‍ ജോലി ചെയ്യുന്നവരില്‍ പോലും അനാവശ്യ പ്രശ്നങ്ങള്‍ക്ക് അത് കാരണമാകും. തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ജീവനക്കാര്‍ക്കിടയില്‍ മത്സരാന്തരീക്ഷം സൃഷ്ടിക്കുകയും അവര്‍ക്ക് പ്രോത്സാഹനകരമായ പദ്ധതികളും നടപ്പിലാക്കിക്കൊണ്ടാണ് ഇക്കാര്യത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില ഉറപ്പുവരുത്തുന്നതിനായി മൂന്നാമത് ഒരു വട്ടം കൂടി ഫിംഗര്‍പ്രിന്റ് പഞ്ച് ചെയ്യണമെന്ന നിയമം നിലവില്‍ വന്നത്. അതുവരെ ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴും ജോലി കഴിഞ്ഞ് ഒഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുമാണ് ഫിംഗര്‍ പ്രിന്റ് മെഷീനില്‍ പഞ്ച് ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ രണ്ടു തവണ മാത്രം പഞ്ച് ചെയ്താല്‍ പോരെന്നും മൂന്നാമതൊരു തവണ കൂടി വിരലടയാളം രേഖപ്പെടുത്തണമെന്നും നിര്‍ബന്ധമാക്കുകയായിരുന്നു.
രാവിലെ വന്ന് പഞ്ച് ചെയ്ത ശേഷം ജോലി ചെയ്യാതെ മുങ്ങി നടക്കുന്ന സംഭവങ്ങള്‍ തടയുകയായിരുന്നു ലക്ഷ്യം. പുതിയ ഹാജര്‍ നയം അനുസരിച്ച്, ജീവനക്കാര്‍ അവരുടെ ഷിഫ്റ്റിന്റെ തുടക്കത്തില്‍ പഞ്ച് ചെയ്ത ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ഒരിക്കല്‍ കൂടി ബയോമെട്രിക് പഞ്ചിംഗ് ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല