1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2012

ഓസീസ് പേസര്‍മാര്‍ വേഗത്തിന്റെ പ്രതിരൂപങ്ങളായി തീതുപ്പിയപ്പോള്‍ ബ്രിസ്ബെയ്നില്‍ ഇന്ത്യയുടെ പുകള്‍പെറ്റ ബാറ്റിംഗ്നിര കത്തിയമര്‍ന്നു. ഒരിക്കലും ഉയിര്‍ത്തെഴുന്നേല്ക്കാനുള്ള അവസരം നല്കാതെ അവര്‍ ആടിത്തിമിര്‍ത്തപ്പോള്‍ ഇന്ത്യക്ക് സമ്മാനമായി ലഭിച്ചത് 110 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ അമ്പതോവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 43.3 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായി.

ഈ മത്സരത്തില്‍ ജയിച്ചാല്‍ ഫൈനല്‍ ഉറപ്പാക്കാം എന്ന നിലയില്‍ കളിക്കാനിറങ്ങിയ ഇന്ത്യക്ക് തൊടുന്നതെല്ലാം പിഴയ്ക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ. ആദ്യം ടോസ് നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ പതനം തുടങ്ങി. ബ്രിസ്ബെയ്നിലെ ഗാബയുട ചരിത്രം ആദ്യം ബാറ്റുചെയ്യുന്നവരെ അനുകൂലിക്കുന്നതാണ്. ഇവിടെ അവസാനം കളിച്ച മൂന്നു മത്സരവും ജയിച്ച ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ ഇറങ്ങിയത്.

ടൂര്‍ണമെന്റില്‍ ഇതുവരെ ഫോം കണ്െടത്താന്‍ വിഷമിച്ച ഡേവിഡ് വാര്‍ണറും മാത്യുവെയ്ഡും ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്കു നല്കിയത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സഹീര്‍ഖാനൊഴികെ മറ്റെല്ലാ ബൌളര്‍മാരെയും കണക്കറ്റു പ്രഹരിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ എഴുപതു റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവരുടെ കൂട്ടുകെട്ടു പൊളിച്ചത് ഇര്‍ഫാന്‍ പഠാനാണ്. 46 പന്തില്‍ 43 റണ്‍സെടുത്ത വാര്‍ണറെ പഠാന്‍ സച്ചിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വിക്കറ്റ് വീഴ്ച ഇന്ത്യയെ മത്സരത്തിലേക്കു മടക്കിക്കൊണ്ടുവന്നു. 47 റണ്‍സെടുക്കുന്നതിനെടെ രണ്ടുവിക്കറ്റ് കൂടി നഷ്ടപ്പെട്ട ഓസീസ് മൂന്നിന് 117 എന്ന നിലയിലേക്കു പതിച്ചു. തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുന്ന പോണ്ടിംഗ് ഇത്തവണയും പതിവു തെറ്റിച്ചില്ല.

26 പന്തില്‍ ഏഴു റണ്‍സെടുത്ത് ഓസീസ് നായകന്‍, സഹീര്‍ഖാന്റെ പന്തില്‍ പഠാന്റെ കൈകളില്‍ അവസാനിച്ചു. തൊട്ടുപിന്നാലെ 45 റണ്‍സെടുത്ത മാത്യു വെയ്ഡിനെ രോഹിത് ശര്‍മ സ്വന്തംപന്തില്‍ പിടിച്ചു പുറത്താക്കി. എന്നാല്‍, പിന്നീടു ക്രീസിലൊത്തുചേര്‍ന്ന മൈക്ക് ഹസിയും(59) പീറ്റര്‍ ഫോറസ്റ്റും(52) ഇന്ത്യന്‍ ബൌളര്‍മാരെ കണക്കറ്റു പ്രഹരിച്ചു. ഇരുവരും അര്‍ധ സെഞ്ചുറി നേടി ഓസീസിനെ ഇരുനൂറു കടത്തി. അവസാന ഓവറുകളില്‍ ഡേവിഡ് ഹസിയും ഡാനിയേല്‍ ക്രിസ്റ്റിനും ചേര്‍ന്ന് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചു. എക്സ്ട്രാസ് നല്കുന്നതില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ യാതൊരു പിശുക്കും കാണിച്ചില്ല. 26 എക്സ്ട്രാകളാണ് നമ്മുടെ ബൌളര്‍മാര്‍ നല്കിയത്. ഇതില്‍ 12-ഉം വൈഡാണ്.

ഇന്ത്യക്കുവേണ്ടി ഇര്‍ഫാന്‍ പഠാന്‍ 10 ഓവറില്‍ 61 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ബൌളിംഗ് പ്രകടനം നടത്തിയ വിനയ്കുമാറിന് ബ്രിസ്ബെയ്നില്‍ അതാവര്‍ത്തിക്കാനായില്ല. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയ വിനയ്കുമാറിനു വിക്കറ്റൊന്നും ലഭിച്ചില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ക്കുമേല്‍ തീതുപ്പും പന്തുകളെറിഞ്ഞ് ഓസീസ് പേസര്‍മാര്‍ കരുത്തുകാട്ടി. പരിക്കിനുശേഷം വേഗത്തില്‍ മടങ്ങിയെത്തിയ ബ്രെറ്റ് ലീയുടെയും ടെസ്റ് ഹീറോ ഹില്‍ഫനോസിന്റെയും പന്തുകള്‍ക്കുമുന്നില്‍ ഏകദിനത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനും ഏറ്റവും വലിയ സെഞ്ചുറി വേട്ടക്കാരനുമൊക്കെയായ സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ള ബാറ്റ്സ്മാന്മാര്‍ പിടിച്ചുനില്‍ക്കാനാകാതെ ബാറ്റും കക്ഷത്തില്‍വച്ചു മടങ്ങി. 36 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ നാലുവിക്കറ്റുകളാണ് നിലംപതിച്ചത്. ആദ്യം പുറത്തായത് ഇന്‍ഫോം ബാറ്റ്സ്മാന്‍ ഗൌതം ഗംഭീറായിരുന്നു. ബ്രെറ്റ് ലീയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിനു ക്യാച്ച്. അഞ്ചുറണ്‍സായിരുന്നു സംഭാവന. റൊട്ടേഷന്‍ പോളിസി തുടരുന്ന വിരേന്ദര്‍ സെവാഗിന്റെ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയ ഗംഭീറിനു പക്ഷേ, അവസരം മുതലാക്കാനായില്ല.

നൂറാം സെഞ്ചുറി തന്നേക്കൊണ്ട് പൂര്‍ത്തിയാക്കാനാകില്ല എന്നു ശപഥം ചെയ്തതുപോലെ സച്ചിന്‍ തെണ്ടുല്‍ക്കറും മടങ്ങി. ഹില്‍ഫനോസിന്റെ പന്തില്‍ തേര്‍ഡ്മാനിലൂടെ ഉയര്‍ത്തിയടിച്ച സച്ചിന്‍ ഡോഹേര്‍ത്തിയുടെ കൈകളില്‍ അസ്തമിച്ചു. അധികം താമസിയാതെ രോഹിത് ശര്‍മയും മടങ്ങി. ഹില്‍ഫനോസും ലീയും ഇരുവരുടേയും വിക്കറ്റുകള്‍ പങ്കിട്ടു. പിന്നീടു ക്രീസിലൊത്തുചേര്‍ന്ന സുരേഷ് റെയ്നയും മഹേന്ദ്രസിംഗ് ധോണിയും ഇന്ത്യന്‍ ഇന്നിംഗ്സ് പതിയെ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു.

തട്ടിയും മുട്ടിയും മുന്നേറിയ ഇരുവര്‍ക്കും പരാജയഭാരം കുറയ്ക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നും. 84 പന്തില്‍ 56 റണ്‍സെടുത്ത് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോററായ ധോണി പുറത്തായതോടെ ഇന്ത്യയുടെ ഏക പ്രതീക്ഷയും അസ്തമിച്ചു. സുരേഷ് റെയ്ന 28 റണ്‍സെടുത്തു. ഓസീസിനുവേണ്ടി ഹില്‍ഫനോസ് 9.3 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ചും ബ്രെറ്റ് ലീ 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി മൂന്നും വിക്കറ്റ് നേടി. ഇന്ത്യയുടെ അഞ്ചു ബാറ്റ്സ്മാന്മാരെ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് ക്യാച്ചെടുത്തു പുറത്താക്കി. പരമ്പരയിലെ അടുത്ത മത്സരം നാളെ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബ്രിസ്ബെയ്നില്‍ നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.