ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 65 റണ്‍സിന്റെ തോല്‍വി. മഴമൂലം 32 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഓസീസ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ മറുപടി 151 റണ്‍സില്‍ ഒതുങ്ങി. സ്കോര്‍: ഓസ്ട്രേലിയ: 32 ഓവറില്‍ 216/5, ഇന്ത്യ: 29.4 ഓവറില്‍ 151ന് ഓള് ഔട്ട്. 217 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല.
തുടക്കത്തിലേ സച്ചിന് തെണ്ടുല്‍ക്കറെയും(2) ഗൌതം ഗംഭീറിനെയും(5) പുറത്താക്കി മിച്ചല്‍ സ്റാര്ക്കാണ് ഇന്ത്യയുടെ വിജയപ്രതീക്ഷ തകര്‍ത്തത്. പിന്നീട് വിരാട് കൊഹ്ലിയും(31), രോഹിത് ശര്‍മയും(21) ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ഇരുവരെയും ഒരോവറില്‍ പുറത്താക്കി ക്ളിന്റ് മക്കായി ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.
സുരേഷ് റെയ്ന(4), രവീന്ദ്ര ജഡേജ(19), അശ്വിന്(5), രാഹുല്‍ ശര്‍മ(1) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോള്‍ നായകന് മഹേന്ദ്ര സിംഗ് ധോണി(29) നടത്തിയ ചെറുത്തുനില്‍പ്പ് പാഴായി. ഓസീസിനായി മക്കായി നാലു വിക്കറ്റ് വീഴ്ത്തി. നേരത്തെ മാത്യു വെയ്ഡ്(67), ഡേവിഡ് ഹസി(30 പന്തില്‍ 61 നോട്ടൌട്ട്), മൈക് ഹസി(32 പന്തില്‍ 45) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഓസീസ് മികച്ച സ്കോര്‍ കുറിച്ചത്. പേസും ബൌണ്‍സുമുള്ള പിച്ചില്‍ രണ്ടു പേസര്‍മാരെ മാത്രം കളിപ്പിച്ച ഇന്ത്യന്‍ തീരുമാനം പിഴച്ചു. ഇന്ത്യക്കായി വിനയ്കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല