ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ ആസ്ത്രേലിയയുടെ നാണംകെട്ട പ്രകടനം. കങ്കാരുക്കളുടെ ലോകപ്രശസ്തമായ ബാറ്റിങ് നിര രണ്ടാമിന്നിങ്സില്‍ 18 ഓവറില്‍ വെറും 47 റണ്‍സിന് ഓള്‍ഔട്ടായി. 109 വര്‍ഷം പഴക്കമുള്ള ആസ്ത്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോര്‍.
ഏഴ് ഓവറില്‍ മൂന്നു മേഡിനടക്കം 15 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ വെര്‍ണന്‍ ഫിലാന്ഡറിന്റെയും ആറോവറില്‍ ഒരു മേഡിനടക്കം ഒമ്പത് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മോര്‍ണ്‍ മോര്‍ക്കലിന്റെയും തകര്‍പ്പന്‍ പ്രകടനമാമ് ആതിഥേയര്‍ക്കു കരുത്തായത്. ഒമ്പത് വിക്കറ്റ് ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 155 റണ്‍സ് മാത്രം.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 75 ഓവറില്‍ 284 റണ്‍സിന് ഓസീസിനെ പിടിച്ചുനിര്‍ത്താന്‍ ആഫ്രിക്കന്‍ ടീമിനായി. മൈക്കല്‍ ക്ലാര്‍ക്ക് നേടിയ 151 റണ്‍സൊഴിച്ചാല്‍ ആസ്ത്രേലിയന്‍ ഒന്നാമിന്നിങ്സില്‍ എടുത്തുപറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. ബൗളിങില്‍ ഡെയ്ല്‍ സ്റ്റെയ്ന് നാലും ഫിലാന്‍ഡര്‍, മോര്‍ക്കല്‍ എന്നിവര്‍ മൂന്നു വീതവും വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്സ് 96 റണ്‍സിന് ചുരുട്ടികെട്ടി ആസ്ത്രേലിയ ചുട്ടമറുപടി നല്കി. മുന്‍ നായകന് ഗ്രേയം സ്മിത്തൊഴിക്കെ ആര്‍ക്കും തിളങ്ങാനായില്ല. അഞ്ചുവിക്കറ്റ് നേടിയ ഷെയ്ന് വാട്സണും നാലുവിക്കറ്റ് നേടിയ റിയാന്‍ ഹാരിസും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 36 റണ്‍സുമായി ഗ്രേയം സ്മിത്തും 29 റണ്‍സുമായി ഹാഷിം അംലയുമാണ് ക്രീസിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല