സിഡ്‌നി: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് ഓസീസ് കരകയറുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷട്ത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. സഹീര്‍ ഖാനാണ് മൂന്നു വിക്കറ്റും. റിക്കി പോണ്ടിങ്ങും(44)മൈക്കിള്‍ ക്ലാര്‍ക്കുമാണ്(47) ക്രീസില്‍. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായിരുന്നു.
ഓസീസിനെ വിറപ്പിച്ചുകൊണ്ടായിരുന്നു സഹീറിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ വെറും എട്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ വാര്‍ണറെയും(എട്ട്) ഷോണ്‍ മാര്‍ഷിനെയും(16) പവലിയനിലെത്തിച്ചു. സ്‌കോര്‍ 37 ല്‍ വച്ച് കോവനെയും സഹീര്‍ തന്നെ മടക്കി. എന്നാല്‍ മറ്റ് ബോളര്‍മാരില്‍ നിന്ന് സഹീറിന് കാര്യമായ പിന്തുണയൊന്നും ലഭിച്ചില്ല.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ഓസീസ് പേസ് ബോളര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു കളി. ഒരു ബാറ്റ്‌സ്മാനേയും നിലയുറപ്പിക്കാന്‍ ഓസീസ് ബോളര്‍മാര്‍ അനുവദിച്ചില്ല. സച്ചിന്‍ മികച്ച രീതിയില്‍ കളിച്ചു മുന്നേറിയെങ്കിലും അധികം ആയുസുണ്ടായില്ല. 41 റണ്‍സെടുത്ത സച്ചിനെ പാറ്റിന്‍സണ്‍ ക്ലീന്‍ ബൗള്‍ഡാക്കി. സേവാഗ് 30 ഉം, കോഹ്‌ലി 23 ഉം റണ്‍സിന് പുറത്തായി. പുറത്താകാതെ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണു ടോപ് സ്‌കോറര്‍.
ഓസ്‌ട്രേലിയയ്ക്കു വേണ്ടി ജയിംസ് പാറ്റിന്‍സണ്‍ നാലു വിക്കറ്റ് വീഴ്ത്തി. ഹില്‍ഫണ്‍ഹോസും പീറ്റര്‍ സിഡിലും മൂന്നു വിക്കറ്റുകളെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഏഴുവിക്കറ്റുകള്‍ ശേഷിക്കെ ഓസീസിന് ഇനി 75 റണ്‍സ് കൂടി മതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല